മൈസൂരു–ബെംഗളൂരു 10 വരി പാതയുടെ ഉദ്ഘാടനം ഫെബ്രുവരി അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 117 കിലോമീറ്റർ ദൂരം വരുന്ന ദേശീയപാതയുടെ (എൻഎച്ച് 275) നിർമാണം പൂർത്തിയാകുന്നതോടെ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലെത്താൻ 1 മണിക്കൂർ 10 മിനിറ്റ് മതിയാകുമെന്ന് പണികൾ വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
മൈസൂരു–ബെംഗളൂരു എക്സ്പ്രസ് വേയുടെയും വ്യാപാര ഇടനാഴിയുടെ ഭാഗമായ ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയുടെയും നിർമാണ പുരോഗതി വിലയിരുത്താൻ ഹെലികോപ്റ്ററിലാണ് ഗഡ്കരി എത്തിയത്. നിലവിൽ 3 മുതൽ 4 മണിക്കൂർ വരെ വേണ്ടി വരുന്ന സ്ഥാനത്താണിത്. 8453 കോടിരൂപ ചെലവഴിച്ചാണ് റോഡ് നവീകരണം പൂർത്തിയാക്കുന്നത്. 6 വരി പ്രധാനപാതയും ഇരുവശങ്ങളിലുമായി 4 വരി സർവീസ് റോഡുമാണ് നിർമിച്ചിട്ടുള്ളത്. 9 പ്രധാന പാലങ്ങളും 44 കലുങ്കുകളും 4 റെയിൽവേ മേൽപാലങ്ങളും പുതുതായി പണിതു. സുരക്ഷയുടെ ഭാഗമായി ഇന്റലിജന്റ് ട്രാൻസ്പോർട്ട് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ദേശീയപാതയ്ക്ക് ഇരുവശവും പുതിയ സാറ്റലൈറ്റ് നഗരങ്ങൾ ഉയർന്നു വരുമെന്നും ഗഡ്കരി പറഞ്ഞു.