മറ്റു സമുദായത്തിൽപെട്ട സുഹൃത്തുക്കളുമായി സംസാരിച്ചയാളുടെ പിതാവിനെ അയൽവാസികൾ തല്ലിക്കൊന്നു. മകനെയും അക്രമികൾ ക്രൂരമായി മർദിച്ചു. അക്രമത്തിന് ഇരയായവരും അക്രമികളും മുസ്ലീങ്ങളാണ്. വാർത്താ ഏജന്‍സിയായ
ഐഎഎൻഎസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. എംബ്രോയ്ഡറി തൊഴിലാളിയായ ഷാരൂഖ് ഷെയ്ഖ് സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതു കണ്ട അയൽവാസികളിൽ ചിലർ ഷാരൂഖിനെ മർദിക്കാനാരംഭിച്ചു. മകനെ രക്ഷിക്കാനെത്തിയതായിരുന്നു ഷാരൂഖിന്റെ പിതാവ് മുഹമ്മദ് സർതാജ്. രോഷാകുലരായ അയൽവാസികൾ മുഹമ്മദിനെയും തല്ലാനാരംഭിച്ചു. ഇയാളെ ബോധം പോകുന്നതു വരെ അക്രമികൾ തല്ലിയെന്നാണ് റിപ്പോർട്ടുകൾ. മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.
“ഞാൻ എന്റെ വീടിന് പുറത്ത് രണ്ട് സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതു കണ്ട് എന്റെ അയൽക്കാരായ റാഷിദ് ഖാൻ, അഷു ഖാൻ, ഫയാം, ഫാസിൽ എന്നിവർ ഞങ്ങളെ അസഭ്യം പറയുകയും ഒരു കാരണവുമില്ലാതെ മർദിക്കുകയും ചെയ്തു. എന്റെ സുഹൃത്തുക്കൾ എങ്ങനെയോ രക്ഷപ്പെട്ടു. അച്ഛൻ എന്നെ രക്ഷിക്കാൻ വന്നപ്പോൾ അദ്ദേഹത്തെ ഹോക്കി സ്റ്റിക്ക് കൊണ്ട് തല്ലി”, ഷാരൂഖ് ഷെയ്ഖ് പറഞ്ഞു.
തന്റെ സഹോദരൻ മറ്റു സമുദായത്തിൽ പെട്ട ആളുകളുടെ കൂടെയാണ് ജോലി ചെയ്യുന്നതെന്നും അവരൊക്കെ തന്റെ വീട്ടിൽ വരാറുണ്ടെന്നും ഷാരൂഖിന്റെ സഹോദരൻ ദൗദ് പറഞ്ഞു.”അവർ വരുന്നതിനൊന്നും എന്റെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നില്ല. പക്ഷേ അവരുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അയൽവാസിയായ റാഷിദ് ഞങ്ങളെ ഭീഷണിപ്പെടുത്തി. കേസിൽ ഉൾപ്പെട്ട എല്ലാ പ്രതികൾക്കും എതിരെ കർശന നടപടി സ്വീകരിക്കണം” ദൗദ് കൂട്ടിച്ചേർത്തു.