ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

0
60

മുംബൈ: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് രണ്ട് റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ശ്രീലങ്കയ്ക്ക് 20 ഓവറില്‍ 160 റണ്‍സെടുക്കാനാണ് സാധിച്ചത്.  27 പന്തില്‍ 45 റണ്‍സുമായി ക്യാപ്റ്റന്‍ ദസുന്‍ ഷനക പൊരുതിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. അവസാന ഓവറില്‍ 13 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. അക്‌സര്‍ പട്ടേല്‍ എറിഞ്ഞ ഓവറില്‍ 10 റണ്‍സെടുക്കാനാണ് ശ്രീലങ്കയ്ക്ക് സാധിച്ചത്. നാല് വിക്കറ്റ് നേടി ശിവം മാവി ഇന്ത്യന്‍ ടീമിനൊപ്പമുള്ള ടി20 അരങ്ങേറ്റം ഗംഭീരമാക്കി. ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

സ്‌കോര്‍ പിന്തുടരാനെത്തിയ ശ്രീലങ്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സ് മാത്രമുള്ളപ്പോള്‍ പതും നിസ്സങ്ക (1), ധനഞ്ജയ ഡിസില്‍വ (8) എന്നിവരുടെ വിക്കറ്റുകള്‍ ശ്രീലങ്കയ്ക്ക് നഷ്ടമായി. നിസ്സങ്കയെ മാവി ബൗള്‍ഡാക്കി. ധനഞ്ജയ, മാവിയുടെ തന്നെ പന്തില്‍ സഞ്ജു സാംസണ് ക്യാച്ച് നല്‍കി. തുടര്‍ന്ന് ക്രീസിലെത്തിയ ചരിത് അസലങ്ക (12), ഭാനുക രജപക്‌സ (10) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഉമ്രാന്‍ മാലിക്കിനും അക്‌സര്‍ പട്ടേലിനുമായിരുന്നു വിക്കറ്റ്. ഇതിനിടെ കുശാന്‍ മെന്‍ഡിസിനെ (28) ഹര്‍ഷലും മടക്കി. ഇതോടെ അഞ്ചിന് 68 എന്ന നിലയിലായി ലങ്ക. തുടര്‍ന്ന് വാനിന്ദു ഹസരങ്ക (21)- ഷനക സഖ്യം നടത്തിയ ചെറുത്തുനില്‍പ്പാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 40 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹസരങ്കയെ പുറത്താക്കി മാവി ബ്രേക്ക് ത്രൂ നല്‍കി. അധികം വൈകാതെ ഷനകയെ ഉമ്രാനും മടക്കി. മൂന്ന് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഷനകയുടെ ഇന്നിംഗ്‌സ്. ചാമിക കരുണാരത്‌നെ (16 പന്തില്‍ പുറത്താവാതെ 23) അവസാന ഓവറില്‍ പരമാവധി ശ്രമിച്ചു. അവസാന പന്തില്‍ ജയിക്കാന്‍ നാല് റണ്‍ വേണമായിരുന്നു. എന്നാല്‍ ഒരു റണ്‍സെടുക്കാനാണ് കഴിഞ്ഞത്. കശുന്‍ രജിത (5), ദില്‍ഷന്‍ മധുഷനക (0) എന്നിവര്‍ പുറത്താവുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here