ലോകകപ്പ് ജേതാക്കളായ ലയണൽ മെസ്സിയും ചുവപ്പ് കാർഡ് കണ്ട് പുറത്തായ നെയ്‌മറും ഇല്ലാതെ കളിച്ച പാരീസ് സെന്റ് ജെർമെയ്ന് സീസണിലെ ആദ്യ തോൽവി. ഫ്രഞ്ച് ലീഗ് വണ്ണിൽ ലെൻസിനോടാണ് പി.എസ്.ജി തോറ്റത്. കഴിഞ്ഞ വർഷം മാർച്ച് 20 ന് മൊണാകോയോട് തോറ്റ ശേഷം ഇതാദ്യമായാണ് പി.എസ്.ജി തോൽക്കുന്നത്. ലെൻസിനെതിരെ 3-1നാണ് പുതുവർഷദിനത്തിൽ പി.എസ്.ജി തോറ്റത്.
“ലെൻസ് അവരുടെ വിജയം അർഹിക്കുന്നു,” പിഎസ്ജി കോച്ച് ക്രിസ്റ്റോഫ് ഗാൽറ്റിയർ പറഞ്ഞു. ഈ സീസണിൽ ലീഗ് വണ്ണിൽ ഒരിക്കൽ മാത്രം തോറ്റ ലെൻസ്, 17 റൗണ്ടുകൾക്ക് ശേഷം ഒന്നാം സ്ഥാനത്തുള്ള PSG-യുമായി പോയിന്‍റ് ടേബിളിലെ അകലം നാല് പോയിന്റായി ചുരുക്കി.
ലെൻസിനുവേണ്ടി ഫ്രാൻഡോസ്കി, ഒപെൻഡ, ക്ലോഡ് മോറിസ് എന്നിവരാണ് ഗോളടിച്ചത്. ഹൂഗോ എകിറ്റികെയുടെ വകയായിരുന്നു പിഎസ്ജിയുടെ ആശ്വാസഗോൾ. അഞ്ചാം മിനിട്ടിൽ ഫ്രാങ്കോസ്കിയുടെ ഗോളിൽ ലെൻസ് മുന്നിലെത്തി. എന്നാൽ മൂന്ന് മിനിട്ടിനകം എറ്റികിറ്റെയിലൂടെ തിരിച്ചടിച്ച് പിഎസ്ജി ഒപ്പമെത്തി. എന്നാൽ സ്വന്തം തട്ടകത്തിൽ ആക്രമിച്ചുകളിച്ച ലെൻസ് ഒപെൻഡയിലൂടെ വീണ്ടും മുന്നിലെത്തി. ഇതോടെ പി.എസ്.ജി ആക്രമണം കനപ്പിച്ചു. എംബാപ്പെ ഉൾപ്പടെയുള്ളവർക്ക് ചില നല്ല അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. 48-ാം മിനിട്ടിൽ ക്ലോഡ് മോറിസിലൂടെ ലെൻസ് വീണ്ടും ലീഡ് ഉയർത്തി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ പി.എസ്.ജിക്ക് കഴിഞ്ഞതുമില്ല.