പെലെയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു;

0
56

സാവോപോളോ: ഫുട്ബോള്‍ രാജാവ് പെലെയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അര്‍ബുദ ബാധിതനായ പെലെ ക്രിസ്മസിന് മുമ്പ് ആശുപത്രി വിടില്ല. വൃക്കകളുടെയും ഹൃദയത്തിന്‍റെയും പ്രവര്‍ത്തനെത്തയും ക്യാന്‍സര്‍ ബധിച്ചുവെന്നും പെലെ അതിതീവ്രപരിചരണ വിഭാഗത്തില്‍ തന്നെ തുടരുമെന്നും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.

വീട്ടില്‍ ക്രിസ്മസ് ആഘോഷിക്കാമെന്നാണ് കരുതിയതെന്നും എന്നാലിപ്പോഴത്തെ സാഹചര്യത്തില്‍ അത് നടക്കില്ലെന്നും പെലെയുടെ മകള്‍ നാസിമെന്‍റോ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. ഡോക്ടര്‍മാരുടെ വിദഗ്ദോപദേശം അനുസരിച്ച് ആശുപത്രിയില്‍ തന്നെ തുടരാന്‍ ഞങ്ങള്‍ തീരുമാനിക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു.

നേരത്തെ കീമോതെറാപ്പിയോടും മരുന്നുകളോടും പ്രതികരിക്കാത്തതിനാല്‍ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയെന്ന് ബ്രസീലിയന്‍ മാധ്യമമായ ഫോള്‍ഹ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. പാലിയേറ്റീവ് കെയറിനൊപ്പം വേദന, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾക്ക് മാത്രമാണ് പെലെയ്ക്ക് ഇപ്പോള്‍ ചികിത്സ നല്‍കിവരുന്നതെന്ന് ഫോൾഹയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.  എന്നാല്‍ പിന്നീട് കുടുംബാംഗങ്ങള്‍ ഇത് നിഷേധിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വന്‍കുടലിലെ മുഴ നീക്കം ചെയ്തതിനെത്തുടര്‍ന്ന് പെലെ ഏറെനാള്‍ ആശുപത്രിയില്‍ തുടര്‍ന്നിരുന്നു. അതിനുശേഷം കീമോതെറാപ്പിക്കും വിധേയനായി. തനിയെ ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന പെലെക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും അലട്ടുന്നുണ്ട്. കഴിഞ്ഞ ദിവസം ഖത്തര്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്‍റീന ടീമിനെ പെലെ അഭിനന്ദിച്ചിരുന്നു. ലോകകപ്പില്‍ കാമറൂണിനെതിരായ ബ്രസീലിന്‍റെ മത്സരത്തില്‍ പെലെയ്ക്ക് ആശംസകളുമായി ബ്രസീലിയന്‍ കളിക്കാരും ആരാധകരും സ്റ്റേഡിയത്തില്‍ ബാനര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ബ്രസീലിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായ പെലെ അവരുടെ മൂന്ന് ലോകകപ്പ് വിജയങ്ങളില്‍(1958, 1962, 1970) നിര്‍ണായക സംഭാവന നല്‍കി. 92 മത്സരങ്ങളില്‍ 77 ഗോളാണ് ബ്രസീല്‍ കുപ്പായത്തില്‍ പെലെ നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here