ബ്രിജ്‌ ഭൂഷണിനെതിരായ ലൈംഗികാതിക്രമക്കേസ് ഇന്ന് കോടതി പരിഗണിക്കും.

0
89

ഗുസ്‌തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ്‌ ഭൂഷണിനെതിരായ ലൈംഗികാതിക്രമക്കേസ് ഇന്ന് കോടതി പരിഗണിക്കും. ജനപ്രതിനിധികൾക്കെതിരെയുളള കേസുകൾ കൈകാര്യം ചെയ്യുന്ന ഡൽഹി അഡിഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുക. പൊലീസ് കുറ്റപത്രത്തിന്മേലുള്ള തുടർനടപടികൾ കോടതി ഇന്ന് തീരുമാനിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചെങ്കിലും പൊലീസ് അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്ന് കോടതിയെ അറിയിച്ചിരുന്നു.

ബ്രിജ് ഭൂഷണെതിരായ പരാതി വ്യാജമെന്ന് പ്രായപൂർത്തിയാവാത്ത താരത്തിൻ്റെ പിതാവ് വെളിപ്പെടുത്തിയത് കേസിനെ ദുർബലപ്പെടുത്തിയിരുന്നു. പൂർവ വൈരാഗ്യത്തെ തുടർന്നാണ് വ്യാജ പരാതി നൽകിയതെന്ന് ഇയാൾ വെളിപ്പെടുത്തി. വാർത്ത ഏജൻസിയായ പിടിഐയോടാണ് പ്രതികരണം.

ദേശീയ ടീമിൽ സെലക്ഷൻ ലഭിക്കാത്തതിന് കാരണം ബ്രിജ് ഭൂഷൺ ആയിരുന്നു. അതിന്റ വൈരാഗ്യത്തിനാണ് പരാതി നൽകിയത്. ഏഷ്യൻ അണ്ടർ 17 ചാമ്പ്യൻഷിപ്പ് ട്രയൽസിൽ മകൾക്ക് യോഗ്യത ലഭിക്കാത്തതിൽ അന്വേഷണം നടത്തുമെന്ന് സർക്കാർ ഉറപ്പ് നൽകി. അതിനാലാണ് വ്യാജ പരാതി എന്ന് വെളിപ്പെടുത്തുന്നത് എന്നും പിതാവ് പറഞ്ഞു.

അതേസമയം, കടുത്ത സമ്മർദത്തെ തുടർന്നാണ് പ്രായപൂർത്തിയാകാത്ത ഗുസ്തിതാരം ബ്രിജ് ഭൂഷണെതിരായ മൊഴി മാറ്റിയത് എന്ന് സാക്ഷി മാലിക് പറഞ്ഞു. കേസിൽ വിട്ടുവീഴ്ച ചെയ്യാൻ കടുത്ത സമ്മർദമാണ് തങ്ങൾ അനുഭവിക്കുന്നതെന്ന് സാക്ഷി മാലികും ബജ്രംഗ് പുനിയയും എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.

പരാതി ഉന്നയിക്കുകയും സമരം ചെയ്യുകയും ചെയ്ത ഗുസ്തി താരങ്ങളെ ഭീഷണിപ്പെടുത്താൻ ബ്രിജ് ഭൂഷണ് ആളുകളുണ്ട്. സമ്മർദത്തിന് വഴങ്ങിയാണ് ആ പെൺകുട്ടി ബ്രിജ് ഭൂഷണെതിരായ മൊഴി മാറ്റിപ്പറഞ്ഞത്. പെൺകുട്ടിയുടെ പിതാവ് കടുന്ന മാനസികസമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഗുസ്തി താരങ്ങൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here