ശ്രീനഗര്‍: ഇന്ത്യയിലെ ഏറ്റവും നീളമേറിയ എസ്‌കേപ്പ് ടണലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ഇന്ത്യന്‍ റെയില്‍വേയുടെ നേതൃത്വത്തില്‍ ജമ്മു-കശ്മീരിലാണ് തുരങ്കം നിര്‍മ്മിച്ചിരിക്കുന്നത്.
ജമ്മുവിലെ ബനിഹാല്‍-കത്ര സെക്ഷനിലാണ് ടണല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഉദ്ദംപൂര്‍-ബാരാമുള്ള റെയില്‍ ലിങ്കിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായ ടണലിന്റെ നീളം ഏകദേശം 111 കിലോമീറ്ററാണ്. വ്യാഴാഴ്ച ടണലിന്റെ നിർമ്മാണം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഇതോടെ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എസ്‌കേപ്പ് ടണല്‍ എന്ന പേരാണ് ഈ തുരങ്കത്തിന് ലഭിച്ചിരിക്കുന്നത്.
പുതിയ എസ്കേപ് ടണലിന്റെ വിശേഷങ്ങൾ അറിയാം
- അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനം സുഗമമാക്കാന്‍ ഈ ടണല്‍ സഹായിക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥർ പറയുന്നു. ഹിമാലയത്തിലെ റമ്പാന്‍ മേഖലയിലൂടെയാണ് ഈ ടണല്‍ കടന്നുപോകുന്നത്. ടണലിനോട് ചേര്‍ന്ന് ചിനാബ് നദിയുടെ പോഷകനദികളും കൈവഴികളും ഒഴുകുന്നുണ്ട്. ഖോഡ, ഹിങ്ഗ്‌നി, കുന്ദന്‍, തുടങ്ങിയ നദികളാണ് ടണലിന് സമീപത്ത് കൂടി ഒഴുകുന്നത്. ടണലിനായി പ്രദേശത്ത് വളരെ കഷ്ടപ്പെട്ടാണ് ഡ്രില്ലിംഗ് നടത്തിയതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
- ബനിഹാല്‍-കത്ര പാതയിലെ നാലാമത്തെ തുരങ്കമാണിത്. ഈ വര്‍ഷം ജനുവരിയില്‍ 12.75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടി-49 തുരങ്കം ഈ പാതയില്‍ നിര്‍മ്മിച്ചിരുന്നു. ന്യൂ ആസ്‌ട്രേലിയന്‍ ടണലിംഗ് മെത്തേഡ് എന്ന രീതി ഉപയോഗിച്ചാണ് ടണല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
- കുതിരലാടത്തിന്റെ ആകൃതിയിലാണ് എസ്‌കേപ്പ് ടണല്‍ നിര്‍മ്മിച്ചിരിക്കുന്നത്. തെക്ക് ഭാഗത്തുള്ള സമ്പര്‍ സ്റ്റേഷന്‍ യാര്‍ഡിനെയും ടി-50 ടണലിനെയുമാണ് എസ്‌കേപ്പ് ടണലിലൂടെ ബന്ധിപ്പിക്കുന്നത്. തെക്കേ അറ്റത്തുള്ള സമ്പര്‍ സ്റ്റേഷന്റെ ഏകദേശ ഉയരം 1400.5 മീറ്ററും വടക്കേ അറ്റത്തിന് ഏകദേശം 1558.84 മീറ്ററുമാണ്.
- ഇരട്ട തുരങ്കപാതയാണ് ടി-49 ടണല്‍. 12.75 കിലോമീറ്റര്‍ നീളമുള്ള പ്രധാന തുരങ്കവും 12.895 കിലോമീറ്റര്‍ നീളമുള്ള എസ്‌കേപ്പ് ടണലും ചേര്‍ന്നുള്ള പാതയാണിത്. ഏകദേശം 33 ക്രോസ്-പാസേജുകൾ ഇവിടെ ഉണ്ടെന്നും റെയില്‍വേ അധികൃതര്‍ പറയുന്നു.
- യുഎസ്ബിആര്‍എല്‍ പദ്ധതിയുടെ ഭാഗമായാണ് ബനിഹാല്‍-കത്ര സെക്ഷന്‍ രൂപപ്പെടുത്തിയത്. 272 കിലോമീറ്ററോളമാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. അതില്‍ ഏകദേശം 161 കിലോമീറ്ററോളം കമ്മീഷന്‍ ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് 3100 കോടിയിലധികം രൂപ ചെലവില്‍ നിര്‍മിച്ച ബനിഹാല്‍ ഖാസിഗുണ്ട് തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചത്. ദേശീയ പഞ്ചായത്ത്‌രാജ് ദിനാചരണത്തിന്റെ ഭാഗമായി കശ്മീരിലെത്തിയ പ്രധാനമന്ത്രി 20,000 കോടി രൂപയുടെ വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.
കശ്മീര്‍ സന്ദര്‍ശനത്തിനിടെ ഡല്‍ഹി-അമൃത്സര്‍-കത്ര എക്സ്പ്രസ് വേയുടെ തറക്കല്ലിടലും മോദി നിര്‍വഹിച്ചിരുന്നു. 7500 കോടി രൂപയുടെ പദ്ധതിയാണിത്. കിഷ്ത്വാര്‍ ജില്ലയിലെ ചെനാബ് നദിയില്‍ നിര്‍മിക്കുന്ന 850 മെഗാവാട്ട് റാറ്റില്‍ ജലവൈദ്യുത പദ്ധതിക്കും 540 മെഗാവാട്ട് ക്വാര്‍ ജലവൈദ്യുത പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടിരുന്നു.