സെക്രട്ടറിയേറ്റ് തീ പിടുത്തം : മദ്യകുപ്പികൾ കണ്ടെടുത്തു , അട്ടിമറിയെന്ന് സൂചന

0
84

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മദ്യപാനം ഉള്ളതായി സൂചിപ്പിച്ച്‌ ഫൊറന്‍സിക് റിപ്പോര്‍ട്ട്. തീപിടിത്തമുണ്ടായ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍നിന്നു രണ്ട് മദ്യക്കുപ്പികള്‍ കണ്ടെടുത്തതായും രണ്ടിലും മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തിയിരുക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഓഗസ്റ്റ് 25നായിരുന്നു തീപിടിത്തം. അന്വേഷണം അട്ടിമറിക്കാന്‍ പ്രോട്ടോക്കോള്‍ ഓഫിസിലെ ഫയലുകള്‍ക്കു തീയിട്ടതായി സംശയം ഉണ്ടായി

 

ഷോര്‍ട് സര്‍ക്യൂട്ട് എന്നതായിരുന്നു സര്‍ക്കാരിന്റെ വാദം. ദുരന്ത നിവാരണ കമ്മിഷണര്‍ ഡോ.എ. കൗശികനും മരാമത്തു വകുപ്പ്, ഫയര്‍ ഫോഴ്‌സ്, ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് എന്നിവയും നല്‍കിയ റിപ്പോര്‍ട്ടുകളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതയാണു പറഞ്ഞിരുന്നത്.

 

അത് ഫോറന്‍സിക് അന്വേഷണത്തില്‍ പൊളിഞ്ഞു. സ്ഥലത്തുനിന്നു ശേഖരിച്ച ഇലക്‌ട്രിക് വയറിന്റെ തുണ്ടുകളും മറ്റും പരിശോധിച്ച ശേഷം ഷോര്‍ട് സര്‍ക്യൂട്ട് സാധ്യത ഫൊറന്‍സിക് ലാബ് ഫിസിക്‌സ് വിഭാഗം തള്ളി. തുടര്‍ന്ന്, കൂടുതല്‍ വിശദ പരിശോധനയ്ക്കു കെമിസ്ട്രി, ഫിസിക്‌സ് വിഭാഗങ്ങളോടു നിര്‍ദേശിക്കുകയായിരുന്നു. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവയുടെ സാന്നിധ്യമുണ്ടോ എന്നാണു കെമിസ്ട്രി വിഭാഗം പരിശോധിച്ചത്. പകരം മദ്യത്തിന്റെ അംശമാണു കണ്ടെത്തിയത്. സംസ്ഥാന സര്‍ക്കാറിന്റെ തന്നെ വകുപ്പ് അന്വേഷിച്ച്‌ സര്‍ക്കാര്‍ നിലപാട് തള്ളിയതോടെ ഫയലുകള്‍ കത്തിനശിച്ച തീപിടിത്തം സംബന്ധിച്ച്‌ ദുരൂഹതയേറി.

 

റിപ്പോര്‍ട്ടുകള്‍ക്ക് ഏകീകൃത സ്വഭാവമില്ലെങ്കില്‍ സര്‍ക്കാരിനു കോട്ടമുണ്ടാകുമെന്നും വിരുദ്ധ റിപ്പോര്‍ട്ട് നല്‍കുന്നത് ഉചിതമല്ലെന്നും ചൂണ്ടിക്കാട്ടി ഒരു ഐജി ഫൊറന്‍സിക് ലാബ് ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here