ബെംഗളൂരു: കർണാടകയിലെ കലബുറഗി റെയിൽവേ സ്‌റ്റേഷനിൽ പച്ച പെയിന്റടിച്ചത് വിവാദമായി. ഹിന്ദുത്വ സംഘടനകളുടെ എതിർപ്പിനെ തുടർന്ന് പച്ച പെയിന്റ് മാറ്റുമെന്ന് റെയിൽവേ അറിയിച്ചു. മുസ്ലീം പള്ളിയുടെ നിറമാണ് റെയിൽ സ്റ്റേഷൻ കെട്ടിടം പെയിന്റ് ചെയ്യാൻ ഉപയോഗിച്ചതെന്നും മാറ്റിയില്ലെങ്കിൽ കാവി പെയിന്റടിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. തുടർന്ന് റെയിൽവേ സ്റ്റേഷനു മുന്നിൽ കഴിഞ്ഞ ദിവസം പ്രതിഷേധം സംഘടിപ്പിച്ചു. 15 ദിവസത്തിനകം പെയിന്റ് മാറ്റണമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി. പ്രതിഷേധത്തെ തുടർന്ന് ഭിത്തിയിൽ വെള്ള പെയിന്റടിക്കാൻ തീരുമാനിച്ചെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
പച്ച നിറം നീക്കിയില്ലെങ്കിൽ ചുവരിൽ കാവി പെയിന്റ് ചെയ്യുമെന്നാണ് ഹിന്ദു ജാഗ്രത സേന റെയിൽവേയെ അറിയിച്ചത്. ശ്രീരാമസേനയുടെ വർക്കിംഗ് പ്രസിഡന്റ് സിദ്ധലിംഗ സ്വാമിജിയും പെയിന്റ് മാറ്റണമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തി. സംഭവം വിവാദമായതിന് പിന്നാലെ മുംബൈയിലെ സെൻട്രൽ റെയിൽവേ ജനറൽ മാനേജർ അനിൽകുമാർ ലഹോട്ടി ബുധനാഴ്ച കലബുറഗി റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുമെന്നറിയിച്ചിരുന്നു.