ഹിന്ദി അറിയില്ലെന്ന് പറഞ്ഞ തന്നോട് വിമാനത്താവളത്തിലെ സിഐഎസ്എഫ് ഓഫീസർ ‘ഇന്ത്യക്കാരി അല്ലേ?’യെന്ന് തിരിച്ച് ചോദിച്ചതായി ഡിഎംകെ എംപി കനിമൊഴി. ഇന്ത്യൻ എന്ന് പറഞ്ഞാൽ ഹിന്ദി അറിയുന്നവൻ എന്നായത് എന്ന് മുതലാണെന്നും അവർ ട്വീറ്റിൽ ചോദിക്കുന്നു.
“എനിക്ക് ഹിന്ദി അറിയില്ല, ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാമോ എന്ന് ചോദിച്ചപ്പോൾ എയർപോർട്ടിലെ സിഐഎസ്എഫ് ഓഫീസർ, ‘നിങ്ങൾ ഇന്ത്യക്കാരി ആണോ’യെന്ന് തിരിച്ച് ചോദിച്ചു. ഇന്ത്യൻ എന്നതിന് തുല്യമായി ‘ഹിന്ദി അറിയാവുന്നവർ’ എന്നായത് എപ്പോൾ മുതലാണെന്ന് അറിഞ്ഞാൽ കൊള്ളാം.” – എന്നായിരുന്നു ട്വീറ്റ്. ഹിന്ദി അടിച്ചേൽപ്പിക്കുന്നുവെന്ന ഹാഷ്ടാഗോടെയാണ് കനിമൊഴി ട്വീറ്റ് പങ്കുവച്ചത്.
കനിമൊഴിക്ക് പിന്തുണയുമായി നിരവധി പേരെത്തി. അപഹാസ്യമെന്നും അപലപനീയമെന്നുമായിരുന്നു കാർത്തി ചിദംബരം ട്വീറ്റ് ചെയ്തത്. മറ്റ് കോൺഗ്രസ് നേതാക്കളും ട്വിറ്ററിൽ ഇതിനെതിരെ പ്രതികരിച്ചതോടെ സിഐഎസ്എഫ് മാപ്പ് ചോദിച്ചു. കനിമൊഴിയുടെ യാത്രയുടെ വിശദാംശങ്ങളും സിഐഎസ്എഫ് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ വിദ്യാഭ്യസനയം സംബന്ധിച്ച വിവാദങ്ങൾ കൊഴുക്കുന്നതിനിടെയാണ് കനിമൊഴിക്ക് ദുരനുഭവം ഉണ്ടായിരിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ കഴിഞ്ഞു, ഇനി ഭാഷയുടെ പേരിലാണോ വേർതിരിവെന്നും പലരും ട്വിറ്ററിൽ പ്രതികരിച്ചു.