കൊച്ചി: കൊച്ചി പനമ്പിള്ളി നഗറില്‍ റോഡരികിലെ കാനയില്‍ വീണ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം. അണുബാധയുടെ സാധ്യത ഉള്ളതിനാല്‍ കുട്ടിയെ നിരീക്ഷിച്ച് വരികയാണ്. അതേസമയം, അപകടം നടന്ന സ്ഥലത്ത് ഇരുമ്പ് കമ്പി കൊണ്ട് ബാരിക്കേഡ് കെട്ടാന്‍ കോണ്‍ട്രാക്ടര്‍ക്ക് കൊച്ചി കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കി. ഇത് രണ്ട് ദിനസത്തിനകം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. നിലവില്‍ താത്കാലിക ബാരിക്കേഡ് കൊണ്ടാണ് കാനയ്ക്കും റോഡിനും അതിര് വെച്ചിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കൊച്ചിയിലെ പനമ്പിള്ളിനഗറിലാണ് അപകടം ഉണ്ടായത്. മെട്രോ ഇറങ്ങി അമ്മയ്ക്കുമൊപ്പം നടന്ന് പോവുകയായിരുന്ന മൂന്ന് വയസുകാരന് ഡ്രെയ്‌നേജിജിന്റെ വിടവിലേക്ക് വീണ് പോവുകയായിരുന്നു.അമ്മയുടെ സമയോചിത ഇടപെടല്‍ കൊണ്ടാണ് ഡ്രെയ്‌നേജ് വെള്ളത്തില്‍ മുങ്ങിപ്പോയ കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ കോര്‍പ്പറേഷനെ വിമര്‍ശിച്ച് ഹൈക്കോടതിയും രംഗത്തെത്തി. നഗരത്തിലെ പല ഓടകളും തുറന്നിട്ടിരിക്കുകയാണെന്നും രണ്ടാഴ്ചയ്ക്കകം ഇവ മൂടാന്‍ നടപടി വേണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.