ദോഹ: ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം വിൽക്കില്ലെന്ന് ഫിഫ. ഖത്തർ സർക്കാരുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെ വെള്ളിയാഴ്ചയാണ് ഫിഫ പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.
ലോകകപ്പ് കിക്കോഫിന് രണ്ടു ദിവസം മുമ്പാണ് ഫിഫയുടെ തീരുമാനം വരുന്നത്. പരസ്യമായി മദ്യം കഴിക്കുന്നതിന് കർശന നിരോധനമുള്ള രാജ്യമാണ് ഖത്തർ. ലോകകപ്പിനെത്തുന്ന വിദേശികൾക്ക് കല്ലുകടിയാകുന്ന തീരുമാനമാണിത്.
അതേസമയം ഫാൻ ഫെസ്റ്റിവലിലും അനുമതിയുള്ള മറ്റിടങ്ങളിലും മദ്യവിൽപ്പനയാകാമെന്നും ഫിഫ അറിയിച്ചിട്ടുണ്ട്.
‘ആതിഥേയ രാജ്യത്തെ അധികാരികളും ഫിഫയും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്ന് ഖത്തർ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ പരിധിയിൽ നിന്ന് മദ്യവിൽപ്പന പോയന്റുകൾ നീക്കം ചെയ്യാനുളള തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഫിഫ ഫാൻ ഫെസ്റ്റിവലിലും മറ്റ് ആരാധക കേന്ദ്രങ്ങളിലും ലൈസൻസുള്ള വേദികളിലും മദ്യവിൽപ്പനയുണ്ടാകും’ – ഫിഫ വക്താവ് പ്രസ്താവനയിൽ അറിയിച്ചു.