പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന സിനിമയാണ് ഫിലിം മേക്കർ സൃഷ്ടിക്കേണ്ടതെന്ന് ഷാറുഖ്‌ ഖാൻ.

0
63

പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന സിനിമയാണ് ഫിലിം മേക്കർ സൃഷ്ടിക്കേണ്ടതെന്ന് ഷാറുഖ്‌ ഖാൻ. ഷാർജ ബുക്ക് ഫെയറിൽ അതിഥിയായെത്തിയപ്പോൾ പ്രേക്ഷകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം. ഞാൻ ചെയ്ത സിനിമ ഏറ്റവും മികച്ചതാണെന്ന് സിനിമ ചെയ്യുന്നവർക്ക് തോന്നിയേക്കാം, പക്ഷേ സിനിമ വിജയിക്കുന്നത് പ്രേക്ഷകന്റെ അഭിരുചി അനുസരിച്ചാണ്. ഒരു വെള്ളിയാഴ്ചയിൽ എടുത്തുയർത്തപ്പെടുന്നതും മറ്റൊരു വെള്ളിയാഴ്‌ചയിൽ വലിച്ചെറിയപ്പെട്ടേക്കാവുന്നതുമായ ജീവിതമാണ് സിനിമാക്കാരുടേതെന്നും സിനിമയുടെ വിജയപരാജയങ്ങൾ തീരുമാനിക്കുന്നത് പ്രേക്ഷകനാണെന്നും ഷാറുഖ്‌ ഖാൻ പറഞ്ഞു.

‘‘നമ്മളെല്ലാം ജീവിതത്തിൽ പല പ്രൊഫഷനിലുള്ളവരാണ്. എന്റെ ജോലി കഥ പറയുക എന്നതാണ്. എന്നാൽ എന്ത് കഥ പറയണം എന്നതിന് എന്റെ കയ്യിൽ വ്യക്തമായ ഉത്തരമില്ല. മുപ്പത്തിരണ്ട് വർഷമായി സിനിമയിൽ സജീവമായി പ്രവർത്തിച്ചതിന് ശേഷവും ഞാൻ പറയുകയാണ് ആദ്യമായി അഭിനയിച്ച അതേ ആവേശത്തിൽ, നിങ്ങൾ ഇങ്ങനെയാണ് ചെയ്യേണ്ടത് എന്ന് ആരെങ്കിലും പറഞ്ഞു തരുന്ന സ്റ്റേജിൽ വീണ്ടും നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ഇഷ്ടമുള്ള കഥയല്ല ഞാൻ സിനിമയാക്കേണ്ടത്, പ്രേക്ഷകർക്ക് കാണാൻ ആഗ്രഹിക്കുന്ന സിനിമയാണ് നമ്മൾ ചെയ്യേണ്ടത്. അത് ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനുമുള്ള പൂർണ അവകാശം പ്രേക്ഷകനുണ്ട്. ഞാൻ ഒരു വിചിത്രനായ മനുഷ്യനാണ്. ജീവിതത്തോട് ഒരുപാട് അഭിനിവേശവും ഉന്മാദവും ഉള്ളവനാണ് അതെല്ലാം, ഞാൻ ചെയ്യുന്ന കഥാപാത്രങ്ങളിലും പ്രതിഫലിക്കും.

എന്റെ മൂന്ന് വലിയ സിനിമകൾ അണിയറയിൽ ഒരുങ്ങുകയാണ്. ആ സിനിമകളെക്കുറിച്ച് ഞാൻ എക്സ്സൈറ്റഡ് ആണോ എന്ന് ചോദിച്ചാൽ സത്യസന്ധമായി ഉത്തരം പറയുകയാണെങ്കിൽ ഞാൻ ഒരു പൊങ്ങച്ചക്കാരനാണെന്ന് ആളുകൾ ധരിച്ചേക്കാം. എന്നാലും സത്യസന്ധനായിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഒരിക്കലും ഭയപ്പെടുന്നില്ല. എന്റെ മൂന്നു സിനിമകളും ഏറ്റവും നല്ല സിനിമയായിരിക്കുമെന്നു ഞാൻ പറയുന്നു. കാരണം എന്റെ കഴിവിന്റെ പരമാവധി ഞാൻ ചെയ്തിട്ടുണ്ട്. എന്നാൽപോലും എന്റെ സിനിമ ഏറ്റവും മികച്ച സിനിമയായിരിക്കുമെന്ന് പറയുന്നത് ബാലിശമാണെന്ന് എനിക്കറിയാം. ചെറുപ്പത്തിൽ ഞാൻ കണക്ക് പരീക്ഷ എഴുതിയിട്ട് ഏറ്റവും നന്നായി എഴുതി എന്ന ആത്മവിശ്വാസത്തോടെയാണ് തിരികെ വീട്ടിലെത്തിയത്. റിസൾട്ട് വന്നപ്പോൾ നൂറിൽ മൂന്ന് മാർക്കാണ് കിട്ടിയത്.

പക്ഷേ അപ്പോഴും ഞാൻ ചിന്തിച്ചത് ഞാൻ എന്താണ് തെറ്റായി എഴുതിയത്, വളരെ നന്നായി പരീക്ഷ എഴുതി എന്ന് തന്നെയായിരുന്നു എന്റെ വിശ്വാസം. ഈ 57 ാമത്തെ വയസ്സിലും ഞാൻ 18 മണിക്കൂർ ജോലി ചെയ്യുന്നു, ഡാൻസ് ചെയ്യുന്നു ആത്മവിശ്വാസത്തോടെ ഉറങ്ങാൻ പോകുന്നു, ഞാൻ നല്ല ഒരു സിനിമ ചെയ്യാൻ പോകുന്നു എന്ന വിശ്വാസത്തോടെ ഉണരുന്നു. എന്റെ കണക്ക് പരീക്ഷയുടെ കാര്യം പറഞ്ഞതുപോലെ തന്നെയാണ് ഇതും. ഞാൻ ഏറ്റവും നന്നായി ചെയ്തു എന്ന ആത്മവിശ്വാസത്തിലിരിക്കുമ്പോൾ ആ ചിത്രം പരാജയപ്പെടും. മറ്റു ചിലപ്പോൾ ഒരു ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ സംഭവിക്കും. ഇതൊക്കെ എങ്ങനെ നിയന്ത്രിക്കണമെന്ന് എനിക്കറിയില്ല. സിനിമയുടെ വിജയപരാജയങ്ങൾ തീരുമാനിക്കുന്നത് പ്രേക്ഷകനാണ്. ഒരു പ്രേക്ഷകനായി മാറി ചിന്തിച്ചാൽ ഷാറുഖ് ഖാൻ എന്ന താരത്തെ വീണ്ടും സ്‌ക്രീനിൽ കാണാൻ ആവേശത്തോടെ കാത്തിരിക്കുന്ന ഒരാളാണ് ഞാൻ എന്ന് തന്നെ ഞാൻ പറയും.

LEAVE A REPLY

Please enter your comment!
Please enter your name here