ഇടുക്കിയില്‍ പ്രഭാത ഭക്ഷണം കഴിക്കാതെയെത്തുന്ന കുട്ടികള്‍ക്കായി ജനകീയ സഹകരണത്തോടെ നടപ്പാക്കുന്ന ‘ഒരുമയോടെ ഒരു മനസ്സായി’ പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. പദ്ധതി സംസ്ഥാനത്താകെ നടപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി പറഞ്ഞു. സ്‌കൂളുകളിലെ പ്രതിസന്ധിയിലായ ഉച്ചഭക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ഇടുക്കിയില്‍ ‘ഒരുമയോടെ ഒരു മനസ്സായി’ എന്ന പദ്ധതി ആവിഷ്‌കക്കരിച്ചത്.
ഒരോ ദിവസവും സ്‌കൂളില്‍ പല കുട്ടികളുടെ ജന്മദിനം ഉണ്ടാകും. അതുപോലെ അധ്യാപക അനധ്യാപകരുടെും രക്ഷകര്‍ത്താക്കളുടെയും പൂര്‍വ വിദ്യാര്‍ത്ഥികളുടെയും ജന്മദിനമോ വിവാഹ വാര്‍ഷികമോ ഒക്കെ ഉണ്ടാകും. ഈ ദിവസം സ്‌കൂള്‍ കുട്ടികള്‍ക്ക് എന്തെങ്കിലും ഒരു വിഭവം സ്‌പോണ്‍സര്‍ ചെയ്യിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ചുവടു പിടിച്ചാണ് പ്രഭാത ഭക്ഷണം നല്‍കാനുളള തീരുമാനവും എടുത്തത്.
സാമ്പത്തിക പ്രതിസന്ധിയുള്ളവര്‍ക്കൊപ്പം മാതാപിതാക്കള്‍ അതിരാവിലെ കൂലിപ്പണിക്കു പോകുമ്പോള്‍ ഭക്ഷണമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യം പല വീടുകളിലുമുണ്ട്. ഇങ്ങനെയുള്ള വീടുകളിലെ കുട്ടികള്‍ ഉച്ചവരെ പട്ടിണിയിരിക്കുന്നത് ഒഴിവാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പാമ്പാടുംപാറ സ്‌കൂളില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു.
ഇടുക്കിയിലെ 462 സ്‌ക്കൂളുകളില്‍ തോട്ടം മേഖലയിലും മറ്റുമുള്ള 108 ഇടത്താണ് പ്രഭാത ഭക്ഷണം വേണ്ടത്. ഇതില്‍ 52 ഇടങ്ങളില്‍ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഭക്ഷണം നല്‍കുന്നുണ്ട്. പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ അടുത്ത മാര്‍ച്ച് അവസാനം വരെ ഭക്ഷണത്തിനുള്ള സാധനങ്ങളെത്തിക്കാന്‍ ആളുകള്‍ തയ്യാറായി വന്നു കഴിഞ്ഞു.