കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി.

0
53

വിശ്വാസികളും സഞ്ചാരികളും ഒരുപോലെ കാത്തിരുന്ന പാലക്കാട് കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി. കൊവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷവും വളരെ പരിമിതമായ രീതിയിൽ നടത്തിയ രഥോത്സവം ഇത്തവണ കെങ്കേമമാക്കുവാനുള്ള തയ്യാറാടുപ്പിലാണ് വിശ്വാസികള്‍. വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രം, പുതിയ കല്‍പ്പാത്തി മന്തക്കര ഗണപതിക്ഷേത്രം, പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണപെരുമാള്‍ ക്ഷേത്രം, ചാത്തപ്പുരം പ്രസന്നമഹാഗണപതി ക്ഷേത്രം എന്നീ നാലു ക്ഷേത്രങ്ങളിലായാണ് ഉത്സവത്തിന് കൊടിയേറിയത്.

കൽപ്പാത്തി രഥോത്സവം 2022
നവംബര്‍ 07 മുതല്‍ 17 വരെ വരെ പത്തു ദിവസമാണ് കൽപ്പാത്തി രഥോത്സവം നീണ്ടു നിൽക്കുന്നത്. ഓരോ ദിവസവും ഓരോ തേര് എന്ന വിധത്തിൽ ആണ് ഉത്സവമുള്ളത്. ആദ്യത്തെ നാലു ദിവസം വേദ പാരായണവും കലാ സാംസ്‌കാരിക പരിപാടികളും ആണ് പ്രധാനമായും നടക്കുന്നത്. പ്രസിദ്ധമായ കൽപ്പാത്തി സംഗീതോത്സവം 9 മുതൽ 13 വരെയാണ് നടക്കുന്നത്. ഇതിനു ശേഷം 14.15.16 തിയ്യതികളിൽ വിശ്വാസികൾ കാത്തിരിക്കുന്ന രഥോത്സവം നടക്കും. രഥോത്സവത്തന്റെ ഏറ്റവും പ്രധാനപ്പെട്ടത് അവസാന മൂന്നു ദിവസങ്ങളാണ്. ഈ ദിവസങ്ങളില് ഇവിടെ എത്തുവാനാണ് ആളുകൾ കൂടുതലും താല്പര്യപ്പെടുന്നത്.

കൊവിഡിനെത്തുടർന്ന് കഴിഞ്ഞ 2 വർഷങ്ങളിലെ ഉത്സവം അത്ര സജീവമല്ലാതിരുന്നതിനാൽ ഇത്തവണത്തെ ഉത്സവത്തിന് പതിവിലും ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ട്.

രഥോത്സവങ്ങളുടെ തുടക്കം
കൽപ്പാത്തി ഗ്രാമത്തിൽ നടക്കുന്ന കൽപ്പാത്തി രഥോത്സവം പാലക്കാട്ടെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്. ഓരോ വർഷവും പഴമയും പുതുമയും ഒരുപോലെ സമ്മേളിക്കുന്ന ഈ ആഘോഷത്തിൽ പങ്കെടുക്കുവാൻ ആയിരക്കണക്കിനാളുകളാണ് എത്തുന്നത്. പാലക്കാട്ടെ 98 അഗ്രഹാരങ്ങളിലായി ആറുമാസത്തോളം കാലയളവിലായി നടക്കുന്ന രഥോത്സവങ്ങളുടെ തുടക്കം കൽപ്പാത്തി രഥോത്സവത്തോടുകൂടിയാണ്.

കേരളത്തിന്റെ ബ്രാഹ്മണ ചരിത്രത്തോട് ചേർന്നു നിൽക്കുന്ന നാടാണ് കൽപ്പാത്തി. പാലക്കാട് ടൗണിനോട് അടുത്ത്, വെറും മൂന്നു കിലോമീറ്റർ ദൂരത്തിലാണ് കൽപ്പാത്തിയുള്ളത്. കേരളത്തിൽ ആദ്യമായി ബ്രഹ്മണർ കൂടിയേറ്റം നടത്തിയത് ഇവിടേക്കാണെന്നാണ് ചരിത്രം പറയുന്നത്. തമിഴ് ബ്രാഹ്മണരാണ് ഇവിടെ വസിക്കുന്നവരിൽ അധികവും.

നാലു ക്ഷേത്രങ്ങൾ
ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് പ്രധാനമായും രഥോല്‍ത്സവം നടക്കുന്നത്.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍ വിശ്വനാഥപ്രഭുവായി ആരാധിക്കുന്ന പരമശിവനും അദ്ദേഹത്തിന്റെ പത്‌നിയായ വിശാലാക്ഷിയും (പാര്‍വ്വതി) യും ആണ് ഇവിടുത്തെ പ്രതിഷ്ഠകൾ. 700 വർഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. പുതിയ കല്‍പ്പാത്തി മന്തക്കര ഗണപതിക്ഷേത്രം, പഴയ കല്‍പ്പാത്തി ലക്ഷ്മീനാരായണപെരുമാള്‍ ക്ഷേത്രം, ചാത്തപ്പുരം പ്രസന്നമഹാഗണപതി ക്ഷേത്രം എന്നീ മൂന്നു ക്ഷേത്രങ്ങളിൽ നിന്നുമെത്തുന്ന തേരുകൾ ഇവിടെ വിശാലാക്ഷി ക്ഷേത്രത്തിനു സമീപമുള്ള തെരുവില്‍ ഒന്നിച്ചുചേരുന്നു. പിന്നീട് എല്ലാം ചേര്‍ന്ന് വലിയ സംഘമായി നാലും ക്ഷേത്രങ്ങളുടെയും രഥങ്ങൾ മുന്നോട്ട് പോകുന്നു. പ്രധാന രഥത്തില്‍ ശിവനും ചെറിയ രഥങ്ങളില്‍ അദ്ദേഹത്തിന്റെ പുത്രന്‍മാരും എഴുന്നള്ളുന്നു എന്നാണ് വിശ്വാസം.

ആറു രഥങ്ങളുടെ യാത്ര
ആറു രഥങ്ങളാണ് കൽപ്പാത്തി രഥോത്സവത്തിൽ പങ്കെടുക്കുന്നത്. വിശ്വനാഥനും വിശാലാക്ഷിക്കും ആദ്യ രഥവും രണ്ടാം രഥം ഗണപതിക്കും മൂന്നാം രഥം സുബ്രഹ്മണ്യനുമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇത് മൂന്നും വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ നിന്നും ഉള്ളതാണ്. ബാക്കിയുള്ള മൂന്ന് രഥങ്ങള്‍ അടുത്തുള്ള ക്ഷേത്രങ്ങളായ മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കല്‍പ്പാത്തിയിലെ ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രം, ചാത്തപുരം മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ളതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here