ശബരിമല∙ അയ്യപ്പന്റെ പൂങ്കാവനം ഉണർന്നു. മണ്ഡല കാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾക്കു വേഗം കൂടി. സന്നിധാനത്തേക്കുള്ള ശരണവഴിയിൽ നിർമാണ സാമഗ്രികളുമായി തലങ്ങും വിലങ്ങും ഓടുന്ന ട്രാക്ടറുകളുടെ ശബ്ദമാണ് മുഴങ്ങിക്കേൾക്കുന്നത്
നീലിമല പാത
പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള പരമ്പരാഗത ശരണ വഴിയിലെ കരിങ്കല്ല് പാകൽ വേഗം പൂർത്തിയാക്കാനുള്ള തയാറെടുപ്പാണ് നടക്കുന്നത്. നീലിമല., അപ്പാച്ചിമേട് എന്നിവിടങ്ങളിൽ 5 സ്ഥലത്ത് ഇന്നലെ പണി ഉണ്ടായിരുന്നു. തമിഴ്നാട്ടിൽ നിന്നു കൊത്തിയെടുത്ത് കൊണ്ടുവന്ന കരിങ്കല്ല് പമ്പയിൽ നിന്നു ട്രാക്ടറിലാണു നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ എത്തിക്കുന്നത്. കല്ല്, കട്ട, പാറപ്പൊടി, മെറ്റൽ തുടങ്ങിയവ കയറ്റി നീലിമല വഴിയും സ്വാമി അയ്യപ്പൻ റോഡിലൂടെയും ട്രാക്ടറുകൾ പോകുന്നുണ്ട്. നീലിമല പാതയുടെ പകുതി ഭാഗത്ത് പടികൾ ഉണ്ട്. ബാക്കി പകുതി അടിയന്തര ആവശ്യത്തിനു ആംബുലൻസിനു കടന്നു പോകാനുള്ള റോഡാണ്. മരക്കൂട്ടത്തിനും ശരംകുത്തിക്കും ഇടയിലെ പണികൾ തീരാറായി..
പമ്പ ഗണപതികോവിൽ
പമ്പാ ഗണപതിയെ തൊഴുതാണു സന്നിധാനത്തേക്കുള്ള മലകയറ്റം തുടങ്ങുന്നത് ഗണപതി കോവിലിന്റെ തിരുമുറ്റം നേരത്തേ കോൺക്രീറ്റ് ചെയ്തതായിരുന്നു. മുഴുവൻ കൊത്തിയിളക്കി കരിങ്കല്ല് പാകുകയാണ്. ഇതിന്റെ ജോലികൾ തീരാറായി. ക്ഷേത്ര നടയിലെ അവസാനവട്ട മിനുക്കുപണികളാണ് ഇനി ബാക്കിയുള്ളത്.
ആഴിയുടെ നിർമാണം
സന്നിധാനത്തു പതിനെട്ടാംപടിക്കു മുൻവശമുള്ള ആഴിയുടെ നവീകരണ ജോലികൾ സജീവമാണ്. അയ്യപ്പന്മാർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന നെയ്ത്തേങ്ങയിലെ നെയ്യ് എടുത്ത ശേഷം തേങ്ങാമുറിയാണ് ആഴിയിൽ സമർപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷം ആഴിയിലെ കരി നീക്കി തീർഥാടനത്തിനായി ശുചീകരിക്കുക മാത്രമാണ് ചെയ്തത്. ഇത്തവണ ആഴിയുടെ ഗ്രില്ലുകൾ എല്ലാം മാറുന്നുണ്ട്. ചൂട് അടിച്ച് ഗ്രില്ലുകൾ വളഞ്ഞു. ചുറ്റുമുള്ള ഭിത്തി പൊട്ടി. ഇതിന്റെ മുഴുവൻ അറ്റകുറ്റപ്പണിയാണ് നടക്കുന്നത്. തീർഥാടനത്തിനായി 16ന് വൈകിട്ട് 5ന് മേൽശാന്തി നട തുറന്ന ശേഷം പതിനെട്ടാംപടി ഇറങ്ങി താഴെ എത്തി ആഴി തെളിയിക്കും. അതിനാൽ വേഗത്തിലാണ് പണികൾ നടക്കുന്നത്.
ശബരിമല ക്ഷേത്രം
ഭക്തലക്ഷങ്ങൾ ദർശന പുണ്യം കൊതിക്കുന്ന അയ്യപ്പ ക്ഷേത്രവും പരിസരവും ചായം പൂശി മനോഹരമാക്കുന്ന ജോലികളും പുരോഗമിക്കുന്നു.വഴിപാട് പ്രസാദങ്ങൾ തയാറാക്കുന്ന ചെമ്പുകൾ ഈയം പൂശുന്ന ജോലികൾ തുടങ്ങി. 90 വലിയ ചെമ്പു പാത്രങ്ങളാണു വെളുത്തീയം പൂശി ഉപയോഗയോഗ്യമാക്കുന്നത്. കൊടിമര ശിൽപി പരുമല പളനി ആചാരിയുടെ നേതൃത്വത്തിലാണ് സന്നിധാനത്തെ പണികൾ.