തിരുവനന്തപുരം: എഐസിസി അധ്യക്ഷനെ കണ്ടെത്താനുള്ള വോട്ടെടുപ്പ് തീർന്നപ്പോൾ ശശി തരൂർ എത്രത്തോളം വോട്ട് നേടുമെന്നതാണ് സംസ്ഥാന കോൺഗ്രസ്സിലെ പ്രധാന ചർച്ച. പ്രചാരണത്തിലെ തരൂരിൻ്റെ മുന്നേറ്റം സമ്മതിക്കുന്ന മുതിർന്ന നേതാക്കളും സംസ്ഥാനത്ത് കൂടുതൽ വോട്ട് ഖാർഗെക്ക് തന്നെയാകുമെന്ന് ഉറപ്പിക്കുന്നു.
പാർട്ടി ദേേശീയ അധ്യക്ഷനാകാൻ മലയാളി. തരൂർ പോരിനിറങ്ങുമ്പോൾ മുതൽ സ്വന്തം നാട്ടിലെ നേതാക്കൾ മുഖം തിരിച്ചുതുടങ്ങിയിരുന്നു. തരൂരിനെ തുറന്നെതിർന്ന സംസ്ഥാനത്തെ മുതിർന്ന നേതാക്കളെല്ലാം പോളിംഗ് തീർന്നപ്പോൾ ഒരു കാര്യം സമ്മതിക്കുന്നു. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് പോരാട്ടം തീരുമ്പോൾ തരൂർ പഴയ തരൂരല്ല. തരൂർഷോക്ക് മാർക്കിടുമ്പോഴും ഇന്ദിരാഭവനിലെ പെട്ടിയിൽ വീണ വോട്ടുകളേറെയും ഖാർഗെക്ക് തന്നെയെന്നാണ് മുതിർന്ന നേതാക്കളുടെ കണക്ക് കൂട്ടൽ. ഖർഗെക്ക് വോട്ടുറപ്പിക്കാൻ സീനിയർ നേതാക്കൾ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. തരൂരിന് കേരളത്തിൽ നിന്നും പരമാവധി 30 വോട്ട് ഇതാണ് കേരളത്തിലെ ഖർഗെ അനുകൂലികളുടെ വിലയിരുത്തൽ.
മാറ്റത്തിന് അനുകൂലമായ കാറ്റ് കേരളത്തിലും വീശിയെന്നാണ് തരൂർപക്ഷം പറയുന്നത്. നാളെക്കൊരു വോട്ടെന്ന തരൂർ പ്രചാരണം യുവാക്കളിലും രണ്ടാം നിര നേതാക്കളിലും തരംഗമായെന്നാണ് തരൂർ അനുകൂലികളുടെ കണക്ക് കൂട്ടൽ. കേരളത്തിൽ നിന്നും 100 നും മുകളിൽ വോട്ടാണ് തരൂര്‍ പക്ഷത്തിൻ്റെ പ്രതീക്ഷ
വോട്ടര്‍പട്ടികയിലാകെ 310 പേര്‍. മൂന്ന് പേര്‍ മരിച്ചു. സുഖമില്ലാത്തവർ 9, വിദേശത്തുള്ളവർ രണ്ട്. അഞ്ച് പേർ സംസ്ഥാനങ്ങളിലും രണ്ട് പേർ ജോഡോ യാത്രക്കിടെയും വോട്ട് ചെയ്തു. ബലാത്സംഗ കേസിൽ പ്രതിയായ ഒളിവിലുള്ള എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ എത്തിയില്ല. ആകെ പോൾ ചെയതത് 287 വോട്ടുകൾ. എല്ലാ പിസിസികളിലേയും ബാലറ്റ് പേപ്പറുകൾ ഒരുമിച്ചാക്കിയാവും വോട്ടെണ്ണുക എന്നതിനാൽ. കേരളം ആര്‍ക്കൊപ്പം നിന്നെന്ന് പ്രത്യേകം അറിയാനാകില്ല. ഈ സാഹചര്യത്തിൽ പ്രതീക്ഷക്കപ്പുറമുള്ള പിന്തുണ ഉറപ്പിക്കുകയാണ് ഇരുപക്ഷവും.