ന്യൂഡൽഹി: വടക്കഞ്ചേരിയിൽ ഒമ്പത് പേരുടെ ജീവൻ പൊലിയാനിടയാക്കിയ ബസ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും പ്രധാനമന്ത്രി നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു.
മരിച്ച ഓരോ വ്യക്തിയുടേയും അടുത്ത ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് നൽകുക. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയിൽ നിന്നാകും തുക കൈമാറുക. ട്വിറ്ററിലൂടെ പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
‘കേരളത്തിലെ പാലക്കാട് ജില്ലയിലുണ്ടായ റോഡപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗം സുഖംപ്രാപിക്കാൻ പ്രാർത്ഥിക്കുകയും ചെയ്തു’, പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിൽ കുറിച്ചു.