തൃശൂർ: വിനോദയാത്രക്ക് പോയ സ്‌കൂള്‍ക്കുട്ടികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും കെ എസ് ആര്‍ ടി സിയും വടക്കഞ്ചേരിക്ക് സമീപം കൂട്ടിയിടിച്ച് അഞ്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ വേദനയും ആ ദുരന്തത്തിന്റെ നടുക്കവും ഇതുവരെ വിട്ടുമാറിയിട്ടില്ലെന്നും കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. വാഹനാപകടത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതോടൊപ്പം ഓരോ കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സുധാകരൻ പറഞ്ഞു.
ടൂറിസ്റ്റ് ബസ്സിന്റെ അമിതവേഗമാണ് അപകടകാരണമെന്നാണ് മാധ്യമങ്ങളിലൂടെ അറിയാന്‍ സാധിച്ചത്. വാഹനങ്ങളുടെ അമിതവേഗവും മത്സര ഓട്ടവും നിയന്ത്രിക്കാനും തടയാനും നിയമപരമായ സംവിധാനങ്ങള്‍ ഉണ്ടായിട്ടും വാഹന അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. പലപ്പോഴും ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനമാണോ നമുക്ക് വേണ്ടതെന്ന് നാം ഇരുത്തി ചിന്തിക്കേണ്ട സമയം കൂടിയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.