ന്യൂഡൽഹി • രാജ്യത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലെ കാലതാമസവും അധികച്ചെലവും ഒഴിവാക്കാൻ വമ്പൻ പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരും. ഇതിനുവേണ്ടി പിഎം ഗതിശക്തിയുടെ ഭാഗമായി 16 മന്ത്രാലയങ്ങളെ സംയോജിപ്പിച്ചു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയാറാക്കാനുള്ള നീക്കത്തിലാണു കേന്ദ്ര സര്‍ക്കാര്‍.
ചൈനയില്‍നിന്നു വ്യവസായങ്ങളെ ഇന്ത്യയിലേക്ക് ആകർഷിക്കുകയാണു ലക്ഷ്യം. 1.2 ട്രില്യൻ ഡോളറിന്റെ മെഗാ പദ്ധതിയാണ് ഒരുങ്ങുന്നത്. പദ്ധതികളുടെ രൂപകൽപന, തടസ്സങ്ങളില്ലാതെ അംഗീകാരം, ചെലവ് കുറയ്ക്കൽ തുടങ്ങിയവയ്ക്കായുള്ള ഏകജാലക സംവിധാനമാണു നിലവിൽ വരിക. നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കും ഇതു വലിയ സഹായമാവുമെന്നാണു വിലയിരുത്തൽ.
‘‘സമയനഷ്ടവും ധനനഷ്ടവും ഒഴിവാക്കി പദ്ധതികൾ വേഗത്തിൽ നടപ്പാക്കുകയാണു ലക്ഷ്യം. ഉൽപാദന കേന്ദ്രമായി ആഗോള കമ്പനികൾ ഇന്ത്യയെ തിരഞ്ഞെടുക്കണം.’’– വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ലോജിസ്റ്റിക്സ് സ്പെഷൽ സെക്രട്ടറി അമൃത്‍ലാൽ മീണ പറഞ്ഞു. അതിവേഗത്തിൽ പദ്ധതികൾ നടപ്പാകുന്നത് ഇന്ത്യയ്ക്കു മേൽക്കൈ നൽകുമെന്നും ചൈനയിൽനിന്ന് കമ്പനികൾ ഇവിടേക്കു വരുമെന്നുമാണു കണക്കുകൂട്ടൽ.