ന്യൂഡൽഹി: അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിയില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് തിരഞ്ഞെടുപ്പ് അതോറിറ്റിയും. രണ്ട് സ്ഥാനാർഥികളിൽ ഒരാളെ തിരഞ്ഞെടുക്കാൻ വോട്ടർമാർക്ക് സ്വാതതന്ത്ര്യം ഉണ്ടെന്ന് തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി അറിയിച്ചു. അതിനിടെ ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടി പ്രത്യേക മൊബൈൽ ആപ്പ് കോൺഗ്രസ് പുറത്തിറക്കി.
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിയാണെന്ന പരിവേഷം മല്ലികാർജുൻ ഖാർഗെ സൃഷ്ടിക്കുന്നതിനിടെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ നിലപാട് പ്രഖ്യാപനം. മല്ലികാർജുൻ ഖാർഗെയും ശശി തരൂരും സ്വന്തം നിലയ്ക്കാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് അതോറിറ്റി അധ്യക്ഷൻ ഇറക്കിയ മാർഗനിർദ്ദേശത്തിൽ എടുത്തു പറഞ്ഞിട്ടുണ്ട്.
ആരെ വേണമെങ്കിലും വോട്ടർമാർക്ക് തിരഞ്ഞെടുക്കാം. പാർട്ടിയിലെ ഔദ്യോഗിക സ്ഥാനത്തും പോഷക സംഘടനകൾക്ക് നേതൃത്വം നൽകുന്നവരും സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണം നടത്തണമെങ്കിൽ പദവിയിൽനിന്ന് രാജിവയ്ക്കണം. പദവിയിൽ ഇരുന്നുകൊണ്ട് ഒരു തരത്തിലുമുള്ള പ്രചാരണം അനുവദനീയമല്ലെന്നും മാർഗനിർദേശം പറയുന്നു.