പരിസ്ഥിതി സൗഹൃദമായി ഹൈഡ്രൈജനിൽ പ്രവർത്തിക്കുന്ന ആദ്യ ഇന്ത്യൻ നിർമിത യാനത്തിൻ്റെ ഉദ്ഘാടനം ഇന്ന്. കൊച്ചി ഷിപ് യാർഡിൻ്റെ പൂർണ മേൽനോട്ടത്തിൽ തദ്ദേശീയമായി നിർമിച്ച യാനത്തിൻ്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. കട്ടമരം മാതൃകയിലുള്ള ബോട്ടിൻ്റെ സർവീസ് പൂർണമായും മലിനീകരണ മുക്തമായിരിക്കും.
ഹ്രസ്വദൂര സർവീസിനാണ് ബോട്ട് ഉപയോഗിക്കുക. പൂർണമായും ശീതീകരിച്ചതാകും ബോട്ട്. പരമാവധി 50 പേർക്ക് ഒരേസമയം ബോട്ടിൽ സഞ്ചരിക്കാനാകും. സുരക്ഷാ സംവിധാനങ്ങൾ ബോട്ടിൽ ഒരുക്കിയിട്ടുണ്ട്. ദേശീയ ഉൾനാടൻ ജലഗതാഗത അതോറിറ്റിക്ക് വേണ്ടിയാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ ഹൈഡ്രജൻ ബോട്ട് നിർമിച്ചിരിക്കുന്നത്.
ബോട്ടിൻ്റെ പ്രവർത്തനം വിജയമായാൽ ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് കൂടുതൽ ബോട്ടുകളും നാടൻ ബോട്ടുകളും നിർമിക്കുമെന്ന് ഷിപ്പ് യാർഡ് എംഡി മധു എസ് നായർ പറഞ്ഞു. സമാന സാങ്കേതിക വിദ്യയിൽ ചരക്ക് ബോട്ടുകളിലും ചെറിയ നാടൻ ബോട്ടുകളിലും ഉപയോഗിക്കാനാകും.
ഹൈഡ്രജനെ ഒരു മാരിടൈം ഇന്ധനമായി ഉപയോഗിക്കുന്നതിന് പകരം ഈ പദ്ധതി ഊർജ്ജം പകരുമെന്ന് ഷിപ്പ് യാർഡ് എംഡി മധു എസ് നായർ കൂട്ടിച്ചേർത്തു. കൊച്ചിൻ ഷിപ് യാർഡിനെ അന്തർദേശീയ തലത്തിൽ അടയാളപ്പെടുത്തുന്ന പദ്ധതിയാണ് യാഥാർഥ്യമായത്.