കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനേയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനേയും അധിക്ഷേപിച്ച് മുസ്ലിം ലീഗ് നേതാവും മുന്‍ എം എല്‍ എയുമായ കെ എം ഷാജി. പി എ മുഹമ്മദ് റിയാസിന് മന്ത്രിസ്ഥാനം ലഭിച്ചത് മുഖ്യമന്ത്രി നല്‍കിയ സ്ത്രീധനമാണ് എന്നാണ് കെ എം ഷാജി പറഞ്ഞത്. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പില്‍ മന്‍സൂര്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെ എം ഷാജി.
പൊതുമരാമത്ത് വകുപ്പും സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വവും പി എ മുഹമ്മദ് റിയാസിന് മുഖ്യമന്ത്രി സ്ത്രീധനമായി നല്‍കിയതാണ് എന്ന് പറഞ്ഞായിരുന്നു കെ എം ഷാജിയുടെ ആക്ഷേപം. പാര്‍ട്ടിയെ അക്രമിക്കുന്നവര്‍ക്ക് ഇരുളിന്റെ മറവില്‍ കൈ കൊടുക്കുന്നത് മുസ്ലീം ലീഗിന്റെ ശൈലിയല്ലെന്നും കെ എം ഷാജി പ്രസംഗത്തില്‍ പറഞ്ഞു. ഇത് കെ ടി ജലീലിന്റെ മക്കളുടെ വിവാഹ ചടങ്ങില്‍, മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പങ്കെടുത്തതിലുള്ള പരോക്ഷ വിമര്‍ശനമാണ് എന്നാണ് കരുതുന്നത്.