ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ദിഗ് വിജയ് സിങ്ങിന്റെ പേര് പരിഗണിച്ച് ഗാന്ധി കുടുംബം. മലപ്പുറത്ത് ഭാരത് ജോഡോ യാത്രയിലായിരുന്ന ദിഗ് വിജയ് സിങ്ങിനെ സോണിയ ഗാന്ധി ഡൽഹിക്ക് വിളിപ്പിക്കുകയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തിൽ അന്തിമ തീരുമാനം നാളെയെ ഉണ്ടാകൂ.
നാളെ അശോക് ഗെഹ്ലോത് സോണിയ ഗാന്ധിയെ കണ്ട് രാജസ്ഥാനിലെ സ്ഥിതിഗതികൾ ബോധ്യപ്പെടുത്തും. പ്രശ്ന പരിഹാരത്തിനുള്ള നിർദേശങ്ങളും പറയും. ഇക്കാര്യത്തിൽ സോണിയ ഗാന്ധി എടുക്കുന്ന തീരുമാനം അശോക് ഗെഹ്ലോതിന്റെ സ്ഥാനാർഥിത്വത്തിൽ നിർണായകമാണ്. ശേഷമേ ദിഗ് വിജയ് സിങ്ങിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകു.
ഇതിനിടെ ഡൽഹിയിലെത്തിയ മുതിർന്ന നേതാവ് എ.കെ.ആന്റണി സോണിയ ഗാന്ധിയെ കണ്ട് സംസാരിച്ചു. കൂടിക്കാഴ്ച ഒരു മണിക്കൂറോളമാണ് നീണ്ടത്. വിവാദ വിഷയങ്ങളിൽ ആന്റണി പ്രതികരണത്തിന് മുതിർന്നില്ല. തിരഞ്ഞെടുപ്പിന്റെ ചിത്രം ഈ മാസം മുപ്പതിന് വ്യക്തമാകും, 2024-ലെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ കോൺഗ്രസ് ശക്തമായി മുന്നിൽ നിന്ന് നയിക്കും എന്ന് അദ്ദേഹം പറഞ്ഞു.
ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള സ്ഥാനാർഥിയെ തിരഞ്ഞെടുക്കാൻ വലിയ ചർച്ചകളും വിവാദങ്ങളുമെല്ലാം നടക്കുന്നതിനിടെ ശശി തരൂർ പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു. പിന്തുണ വർധിക്കുന്നു എന്ന അർത്ഥം വരുന്ന ഉറുദു കവിത അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. കവി മജ്റൂഹ് സുൽത്താൻപുരിയുടെ ”ഞാൻ ഒറ്റയ്ക്ക് ലക്ഷ്യത്തിലേക്ക് നടന്ന് തുടങ്ങി, ആളുകൾ അതിനൊപ്പം ചേർന്നു, ഒരാൾക്കൂട്ടമായി മാറി” എന്ന വരികളാണ് തരൂർ പങ്കുവെച്ചത്.