ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി മറ്റൊരു നേതാവ് കൂടി ബി ജെ പിയിൽ ചേർന്നു. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റും മുന്‍ കാബിനറ്റ് മന്ത്രിയുമായ ഹര്‍ഷ് മഹാജന്‍ ആണ് പാർട്ടി വിട്ട് ബി ജെ പിയിൽ എത്തിയത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം.
ഛംബ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച നേതാവായ മഹാജൻ അന്തരിച്ച മുൻ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന വിദർഭ സിംഗിന്റെ ഏറ്റവും അടുത്ത അനുയായി ആയിരുന്നു. കോൺഗ്രസ് ദിശാബോധമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും ശക്തനായ നേതാവ് പോലും പാർട്ടിയിൽ ഇല്ലെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസിൽ കുടുംബാധിപത്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.