കണ്ണൂര്‍: മുസ്ലീം ലീഗ് നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് കണ്ണൂരില്‍ നേതാക്കളുടെ രാജി. കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ള ഉള്‍പ്പെടെ ഉള്ളവരാണ് മുസ്ലീം ലീഗിന്റെ സംഘടനാ ഭാരവാഹിത്വം രാജി വെച്ചത്. രാജി സംബന്ധിച്ച് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന് ഇവര്‍ കത്ത് നല്‍കി.
കല്ലിക്കണ്ടി എന്‍ എം. കോളേജ് ഭരണ സമിതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ഭാരവാഹികളുടെ രാജിക്ക് കാരണം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്‍ എം കോളേജ് ഭരണ സമിതി തര്‍ക്കം മുസ്ലീം ലീഗ് പ്രാദേശിക നേതൃത്വത്തിന് ഇടയില്‍ വലിയ വിഭാഗീയതക്ക് ഇടയാക്കിയിരുന്നു.
ഇത് കൂടാതെ വിമത പ്രവര്‍ത്തനത്തിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരുമായി സംസ്ഥാന നേതാക്കള്‍ വേദി പങ്കിട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് രാജി എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജി അടക്കമുള്ള പ്രതിസന്ധിക്കിടയില്‍ മുസ്ലീം ലീഗ് ദേശീയ- സംസ്ഥാന നേതാക്കള്‍ കണ്ണൂരില്‍ ഉണ്ട്.
മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെ ഉള്ളവരാണ് നിലവില്‍ കണ്ണൂരില്‍ ഉള്ളത്. അതേസമയം പ്രശ്‌ന പരിഹാരത്തിനായി രാജി വെച്ച നേതാക്കളുമായി കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തിയേക്കും എന്നും സൂചനയുണ്ട്.