വിവാഹം കഴിഞ്ഞ് എട്ടുവർഷം കഴിഞ്ഞപ്പോള്‍ തന്റെ ഭർത്താവ് മുൻപൊരു സ്ത്രീയായിരുന്നുവെന്ന് നാൽപതുകാരി കണ്ടെത്തി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത് മറച്ചുവെച്ച് വിവാഹം ചെയ്ത ഭർത്താവിനെതിരെ യുവതി പരാതിയും നൽകി. വഡോദരയിലെ ഗോത്രി പൊലീസ് സ്റ്റേഷനിലാണ് അപൂർവമായ പരാതി എത്തിയത്.എട്ട് വർഷം മുൻപ് 2014 ലായിരുന്നു വഡോദര സ്വദേശിനിയും വീരജ് വർധൻ എന്നയാളും തമ്മിലുള്ള വിവാഹം. വിവാഹ മാട്രിമോണിയൽ വഴിയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരായി. പരാതിക്കാരിയുടെ രണ്ടാം വിവാഹമായിരുന്നു. ആദ്യവിവാഹത്തിൽ അവർക്ക് 14 വയസുള്ള ഒരു കുട്ടിയുമുണ്ട്.
എന്നാൽ വിവാഹത്തിന് ശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ രണ്ടാം ഭർത്താവ് ഒരിക്കലും തയ്യാറായില്ല. ഇക്കാര്യം ചോദിച്ചപ്പോൾ റഷ്യയിൽ വെച്ച് വാഹനാപകടം സംഭവിച്ചെന്നും അതിനുശേഷം ലൈംഗിക ശേഷി ഇല്ലാതായെന്നുമായിരുന്നു ഭർത്താവ് പറഞ്ഞിരുന്നത്.
ഒടുവിൽ എട്ട് വർഷങ്ങൾക്കുശേഷം ഇക്കഴിഞ്ഞ ആഴ്ചയാണ് മുൻപ് താൻ സ്ത്രീയായിരുന്നെന്ന് ഭർത്താവ് വെളിപ്പെടുത്തിയത്. എന്നാൽ ഇത് പരാതിക്കാരിക്ക് അംഗീകരിക്കാൻ കഴിയില്ലായിരുന്നു. തന്നെ എട്ട് വർഷമായി ഭർത്താവ് പറ്റിക്കുകയായിരുന്നുവെന്നും സ്ത്രീയായിരുന്നുവെന്ന വിവരം മറച്ച് വെച്ചാണ് വിവാഹം നടത്തിയതെന്നുമാണ് പരാതിയിൽ പറയുന്നത്. ഭർത്താവായ ഡൽഹി സ്വദേശി വിരാജ് വർദ്ധനെതിരെ വഞ്ചന കുറ്റത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.