വാഷിംഗ്ടണ്‍: നിരവധി പേരുടെ മരണം സംഭവിക്കുകയും ആയിരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്ത ബെയ്റൂട്ട് സ്ഫോടനത്തിൽ നടുക്കം രേഖപ്പെടുത്തി അമേരിക്ക. ഇത് ഒരു ആക്രമണമാണെന്ന് വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു. വ്യവസായ മേഖലയിലെ സ്ഫോടനമാണെന്ന വാദത്തിൽ ഭരണകർത്താക്കൾക്കിടയിൽ വിരുദ്ധാഭിപ്രായം ഉള്ളതായാണ് മനസ്സിലാക്കുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും സംഭവത്തിൽ ഇരകളായവർക്കൊപ്പം തങ്ങളുടെ പ്രാർഥനകളുണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. ലെബനനുമായി മികച്ച ബന്ധമാണ് അമേരിക്കയ്ക്ക് ഉള്ളതെന്നും, അമേരിക്കയുടെ എല്ലാവിധ സഹായങ്ങളും ലെബനന് ലഭ്യമാക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.