കൊച്ചി പനമ്പിള്ളി നഗർ സ്വദേശിയായ അരവിന്ദ് ശശികുമാർ (37) ആണ് കൂടെ താമസിക്കുന്ന മലയാളി യുവാവിന്റെ കുത്തേറ്റ് മരിച്ചത്. ഇരുപതുകാരനായ പ്രതിയെ അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.
ഗുരുതരമായി പരുക്കേറ്റിരുന്ന അരവിന്ദ് സംഭവസ്ഥലത്തു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ ഇന്നലെ പുലർച്ചെ ഒരുമണിയോടെയാണു സംഭവം നടന്നത്. പെക്കാമിലെ കോൾമാൻ വേ ജംക്‌ഷനു സമീപമുള്ള സതാംപ്റ്റൺ വേയിൽ ഒരു കടമുറിയുയുടെ മുകളിലുള്ള ചെറിയ ഫ്ലാറ്റിലാണ് ഇവർ ഇരുവരും താമസിച്ചിരുന്നത്. ഇവർക്കൊപ്പം മറ്റു രണ്ടു മലയാളി സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്നു.
അതേസമയം, കൂടെ താമസിക്കുന്ന മറ്റു രണ്ടു യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അരവിന്ദ് 10 വർഷമായി ബ്രിട്ടനിലാണ്. അവിവാഹിതനായ ഇയാൾ വിദ്യാർഥി വീസയിലെത്തിയ മലയാളി യുവാക്കൾക്കൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്.