പാരീസ്: അടുത്ത സീസണിൽ സൂപ്പർതാരങ്ങളായ ലിയോണല്‍ മെസിയെയും നെയ്മറിനെയും വിൽക്കാനുള്ള നീക്കം തുടങ്ങി പി എസ് ജി. കഴിഞ്ഞ മാസം അവസാനിച്ച ഇടക്കാല ട്രാൻസ്ഫർ ജാലകത്തിൽ നെയ്മറെ വില്‍ക്കാന്‍ പി എസ് ജി ശ്രമം നടത്തിയെങ്കിലും വൻതുകയായതിനാൽ ബ്രസീലിയന്‍ സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ മറ്റ് ടീമുകൾ മുന്നോട്ടുവന്നിരുന്നില്ല.
നേരത്തെ പി എസ് ജിയിലെ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുമായി നെയ്മർ നല്ല ബന്ധത്തിലല്ലെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.കഴിഞ്ഞ ദിവസം ഫ്രഞ്ച് ലീഗില്‍ മൊണോക്കോയുമായുള്ള മത്സരത്തിലെ തോല്‍വിക്കുശേഷം പി എസ് ജി സ്പോർട്ടിംഗ് ഡയറക്ടർ ലൂയിസ് കാംപോസുമായി നെയ്മറും ബ്രസീല്‍ താരമായ മാർക്വീഞ്ഞോസും അടക്കമുള്ള താരങ്ങൾ തർക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു. 2027വരെ നെയ്മര്‍ക്ക് പി എസ് ജിയുമായി കരാറുണ്ട്. എന്നാല്‍ എംബാപ്പെക്കും ബ്രസീല്‍ താരത്തെ ടീമില്‍ നിന്നൊഴിവാക്കുന്നതിനോട് അനുകൂല നിലപാടാണുള്ളതെന്ന് ഫൂട്ട് മെര്‍ക്കാറ്റോയെ ഉദ്ധരിച്ച് ഇഎസ്‌പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ സീസണൊടുവില്‍ മെസിയുമായുള്ള കരാര്‍ അവസാനിക്കുമെങ്കിലും കരാര്‍ പുതുക്കുന്നത് സംബന്ധിച്ച് അര്‍ജന്‍റീന നായകനുമായി ധാരണയിലെത്താന്‍ ഇതുവരെ പി എസ് ജിക്കായിട്ടില്ല. മെസി ടീം വിടാനുള്ള ആലോചനയിലാണെന്നും അങ്ങനെയാണെങ്കില്‍ താരത്തെ അതിന് അനുവദിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. മെസി യുഎസ് മേജര്‍ ലീഗ് സോക്കറില്‍ ഡേവിഡ് ബെക്കാമിന്‍റെ നേതൃത്വത്തിലുള്ള ഇന്‍റര്‍ മിയാമിയിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല.
അതിനിടെ ബാഴ്സ ഡയറക്ടര്‍ യുവാന്‍ ലപ്പോര്‍ട്ടയെ പുറത്താക്കിയാല്‍ മാത്രമെ മെസി ബാഴ്സലോണയിലേക്ക് തിരികെ പോകുകയുള്ളൂവെന്ന് മെസിയുടെ സഹോദരന്‍ മത്തിയാസ് മെസി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ പി എസ് ജി ഇന്ന് ബയേണ്‍ മ്യൂണിക്കിനെ നേരിടുന്നുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ പി എസ് ജി കിരീടം നേടുമോ എന്നതിനെ ആശ്രിയിച്ചായിരിക്കും ടീമില്‍ മെസിയുടെയും നെയ്മറുടെയും ഭാവി എന്നാണ് സൂചന. കിരീടത്തില്‍ കുറഞ്ഞതൊന്നും ഇരു താരങ്ങളെയും ക്ലബ്ബില്‍ നിലനിര്‍ത്തില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.