കൈയേറ്റമൊഴിപ്പിക്കുന്നതിനിടെ അമ്മയും മകളും തീപിടിച്ച്‌ മരിച്ചു

0
67

ഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൈയേറ്റമൊഴിപ്പിക്കാനുള്ള ശ്രമത്തിനിടെ അമ്മയും മകളും തീപിടുത്തത്തില്‍ മരിച്ചു.

കാണ്‍പൂര്‍ ദേഹത് ജില്ലയിലെ മദൗലി ഗ്രാമത്തിലാണ് സംഭവം പ്രമീള (45), നേഹ (20) എന്നിവരാണ് മരിച്ചത്. അനധികൃത കൈയേറ്റങ്ങള്‍ പൊളിച്ച്‌ മാറ്റുന്നതിനിടെ പൊലീസ് കുടിലിന് തീയിട്ടപ്പോഴാണ് പ്രമീളയും നേഹയും മരിച്ചത് എന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.

എന്നാല്‍ പ്രമീളയും നേഹയും സ്വയം തീ കൊളുത്തി മരിച്ചതാണ് എന്നാണ് പൊലീസ് വാദം. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. തിങ്കളാഴ്ചയാണ് സംഭവം. പൊലീസും ജില്ലാ ഭരണകൂടവും റവന്യൂ ഉദ്യോഗസ്ഥരും ഗ്രാമസമാജത്തിലും സര്‍ക്കാര്‍ ഭൂമിയിലും ഉള്ള കൈയേറ്റങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ബുള്‍ഡോസറുമായാണ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച രാവിലെ എത്തിയത് എന്നും ഇത് സംബന്ധിച്ച്‌ തങ്ങള്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് നല്‍കിയിരുന്നില്ല എന്നും ഗ്രാമവാസികള്‍ പറയുന്നു.

ആളുകള്‍ വീടീനുള്ളില്‍ ഇരിക്കുമ്ബോള്‍ തന്നെ അവര്‍ തീ കൊളുത്തുകയായിരുന്നു. ഞങ്ങള്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു. അവര്‍ ഞങ്ങളുടെ ക്ഷേത്രം പോലും തകര്‍ത്തു. ജില്ലാ മജിസ്ട്രേറ്റ് പോലും ഇതിനെതിരെ നടപടിയെടുത്തില്ല. എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു. ആര്‍ക്കും തന്റെ അമ്മയെയും സഹോദരിയേയും രക്ഷിക്കാനായില്ല എന്ന് പ്രമീളയുടെ മകന്‍ ശിവം ദീക്ഷിത് പറഞ്ഞു.

അതേസമയം പ്രമീള ദീക്ഷിതും നേഹയും സ്വയം തീകൊളുത്തിയതാണെന്ന് ലോക്കല്‍ പൊലീസ് അവകാശപ്പെട്ടു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദിനേശ് ഗൗതം, പ്രമീളയുടെ ഭര്‍ത്താവ് ഗെന്ദന്‍ ലാല്‍ എന്നിവര്‍ക്ക് ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റിട്ടുണ്ട് എന്നും പൊലീസ് പറഞ്ഞു. ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട് എന്നും സംഭവത്തില്‍ എന്തെങ്കിലും അപാകത സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും എന്നും എസ് പി ബിബിജിടിഎസ് മൂര്‍ത്തി പറഞ്ഞു.

കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമ്ബോള്‍ വീഡിയോ പകര്‍ത്താറുണ്ട്. ഇത് പരിശോധിച്ച്‌ ആവശ്യമായ നടപടി സ്വീകരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ 13 പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട് എന്നാണ് അറിയുന്നത്. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, ബുള്‍ഡോസര്‍ ഓപ്പറേറ്റര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

കൊലപാതകശ്രമം, സ്വമേധയാ മുറിവേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്നാല്‍ എഫ് ഐ ആറിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് നല്‍കണം എന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ പൊലീസുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. അതേസമയം സംഭവത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി മുഖ്യപ്രതിപക്ഷമായ സമാജ്വാദി പാര്‍ട്ടി രംഗത്തെത്തി. യോഗി സര്‍ക്കാരിന് കീഴില്‍ ആര്‍ക്കും രക്ഷയില്ല എന്ന് എസ് പി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here