കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ഓഗസ്റ്റ് 26 മുതല്‍ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയുടെ (IDSFFK) ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. 26ന് വൈകിട്ട് ആറു മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍.വാസവന്റെ അധ്യക്ഷതയില്‍ കൈരളി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ഡോക്യുമെന്ററി സംവിധായികയും എഡിറ്ററുമായ റീന മോഹന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം മുഖ്യമന്ത്രി സമ്മാനിക്കും.
44 രാജ്യങ്ങളില്‍ നിന്നുള്ള 261 സിനിമകളാണ് ആറു ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 1200ല്‍പ്പരം പ്രതിനിധികളും ചലച്ചിത്രപ്രവര്‍ത്തകരായ 250ഓളം അതിഥികളും മേളയില്‍ പങ്കെടുക്കും.ലോങ് ഡോക്യുമെന്ററി, ഷോര്‍ട്ട് ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍, കാമ്പസ് ഫിലിംസ് എന്നിവയാണ് മേളയിലെ മല്‍സര വിഭാഗങ്ങള്‍.