ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി മയക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി, പിന്നീട് മൃതദേഹം ആലുവ മാർക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു.
പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും അതിവേഗ വിചാരണയിൽ തെളിഞ്ഞിരുന്നു. പ്രതി മുൻപും സമാന കുറ്റകൃത്യം നടത്തിയത് കൂടി കണക്കിലെടുത്താണ് മാപ്പർഹിക്കാത്ത കുറ്റമെന്ന് വിലയിരുത്തി ശിക്ഷ വിധിച്ചത്. പ്രതിക്ക് യാതൊരു മാനസാന്തരവും സംഭവത്തിന് ശേഷം ഉണ്ടായില്ലെന്നതും വധശിക്ഷ നൽകുന്നതിലേക്ക് കോടതിയെ നയിച്ചു.ഒക്ടോബർ 4, ബുധനാഴ്ചയാണ് കേസിൽ വിചാരണ തുടങ്ങിയത്. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളിലായിരുന്നു വിചാരണ. 26 ദിവസത്തെ വിചാരണക്ക് പിന്നാലെ നവംബർ നാല് ശനിയാഴ്ച പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
പ്രതിയുടെ മാനസികാരോഗ്യം പരിശോധിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം പരിഗണിച്ച കോടതി ശിക്ഷാവിധി പുറപ്പെടുവിക്കുന്നത് നീട്ടിവച്ചു. പിന്നീട് മാനസിക പരിശോധന നടത്തിയെങ്കിലും അസ്‌ഫാക് ആലത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് സർക്കാർ ഡോക്ടർമാർ റിപ്പോർട്ട് നൽകി. ഇതിന് പിന്നാലെ നടന്ന വാദത്തിനൊടുവിലാണ് കേസിൽ ഇന്ന് വിധി പറയുമെന്ന് കോടതി വ്യക്തമാക്കിയത്. പ്രോസിക്യൂഷനും കുടുംബവും പ്രതീക്ഷിച്ചത് പോലെ ക്രൂരകൃത്യം നടത്തിയ പ്രതിക്ക് ഒടുവിൽ കൊലക്കയർ തന്നെ കോടതി വിധിച്ചു. അഡ്വ ജി മോഹൻ രാജായിരുന്നു കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.