കൊല്ലം: പുനലൂരിന് സമീപം ആവണീശ്വരത്ത് ട്രെയിൻ തട്ടി ഗ്രാമപഞ്ചായത്ത് അംഗം ഉൾപ്പടെ രണ്ടുപേർ മരിച്ചു. വിളക്കുടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും നിലവിലെ രണ്ടാം വാര്‍ഡ് അംഗവുമായ കുന്നിക്കോട് നദീറ മന്‍സില്‍ തണല്‍ എ.റഹീംകുട്ടി (59),ആവണീശ്വരം കാവല്‍പുര പ്ലാമൂട് കീഴ്ച്ചിറ പുത്തന്‍ വീട് ഷാഹുല്‍ ഹമീദിന്റെ മകള്‍ സജീന (40) എന്നിവരാണ് മരിച്ചത്.ആവണിശ്വരം റെയിൽവേ രണ്ടാം പ്ലാറ്റ്ഫോമിൽ കൊല്ലത്തേക്ക് ട്രെയിൻ കാത്ത് നിൽക്കുകയായിരുന്നു റഹിംകുട്ടിയും പ്രദേശവാസിയായ സജിനയും. മറ്റൊരു ട്രാക്കിൽ ഗുരുവായൂരിൽ നിന്നും പുനലൂരിലേക്ക് വരുന്ന ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു
പുനലൂർ-കൊല്ലം പാസഞ്ചർ റെയിൽവേ സ്റ്റേഷനിലേക്ക് അടുത്തുകൊണ്ടിരിക്കുമ്പോൾ റഹിംകുട്ടിയുടെ പോക്കറ്റിൽ നിന്നും പേപ്പർ പ്ലാറ്റ്ഫോമിലേക്ക് വീഴുന്നു ഇത് എടുക്കാൻ കുനിയുമ്പോൾ മൊബൈൽ ട്രാക്കിലേക്ക് വീണു.
മൊബൈൽ എടുക്കാൻ ശ്രമിക്കുന്നതിനിടെ റഹീംകുട്ടി ട്രാക്കിലേക്ക് വീഴുകയും രക്ഷിക്കുവാനായി സജീന ശ്രമിക്കുന്നതിനിടെ രണ്ടുപേരും ട്രാക്കിലേക്ക് വീഴുകയും ട്രെയിന് അടിയിൽ പെടുകയും ആയിരുന്നു.
സജിന സംഭവ സ്ഥലത്ത് വച്ചും റഹീംകുട്ടി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. റെയിൽവേ പോലീസും കുന്നിക്കോട് പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും.