ദില്ലി: എസ് എന്‍ സി ലാവ്ലിന്‍ കേസില്‍ സി ബി ഐ നല്‍കിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പിണറായി വിജയനെയും രണ്ട് ഉദ്യോഗസ്ഥരെയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സി ബി ഐ ഹർജി. നിരവധി തവണ മാറ്റിവെച്ചതിന് ശേഷമാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്.
കേസ് നിരന്തരം മാറ്റുന്ന കാര്യം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് കേസ് പട്ടികയില്‍ നിന്നും മാറ്റരുതെന്ന് സുപ്രീംകോടതി നിർദേശം നല്‍കിയിരുന്നു. 2021 ഏപ്രിലിലായിരുന്നു ഇതിന് മുമ്പ് കേസ് സുപ്രീംകോടതി പരിഗണിച്ചത്. സുപ്രീംകോടതി തീരുമാനം മുഖ്യമന്ത്രിക്ക് പ്രതികൂലമായാല്‍ അത് കേരളത്തില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കം കുറിച്ചേക്കും.
പിണറായി വിജയന്‍ ഉള്‍പ്പടേയുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലായിരുന്നു സി ബി ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ ഹർജി നല്‍കിയത്. കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. എന്നാല്‍ അതിന് ശേഷം കാര്യമായ നടപടികള്‍ ഉണ്ടായില്ല. നാല് വർഷത്തിനിടെ മുപ്പതിലധികം തവണ ഹർജികള്‍ മാറ്റിവെച്ചു. കേസില്‍ കക്ഷി ചേർന്ന ടിപി നന്ദകുമാറിൻറെ അഭിഭാഷക എം.കെ അശ്വതിയായിരുന്നു കേസ് നിരന്തരം മാറിപ്പോകുന്നത് കോടതിക്ക് മുന്നില്‍ ചൂണ്ടിക്കാട്ടിയത്.