ബെംഗളൂരു: ബെംഗളുരില്‍ കനത്ത മഴ തുടരുന്നു. നഗരത്തിലെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ആളുകളെ ഒഴിപ്പിക്കുന്നതിന് വേണ്ടി ബോട്ട് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ രക്ഷാപ്രവർത്തകർ സജ്ജീകരിച്ചിട്ടുണ്ട്. ബെല്ലന്തൂർ, സർജാപുര റോഡ്, വൈറ്റ്ഫീൽഡ്, ഔട്ടർ റിംഗ് റോഡ്, ബിഇഎംഎൽ ലേഔട്ട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. മണിക്കൂറുകളോളം പെയ്ത മഴയിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആളുകള്‍ പുറത്ത് വിട്ടിട്ടുണ്ട്.
മാർത്തഹള്ളിയിലെ സ്‌പൈസ് ഗാർഡൻ മേഖലയിൽ ഇരുചക്രവാഹനങ്ങൾ ഒഴുകി പോവുന്നത് പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. സ്‌പൈസ് ഗാർഡൻ മുതൽ വൈറ്റ്‌ഫീൽഡ് വരെയുള്ള റോഡിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നഗരത്തെ ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ടെക് പാർക്കുകളുമായി ബന്ധിപ്പിക്കുന്ന ഔട്ടർ റിംഗ് റോഡിലാണ് ഗതാഗതത്തെ സാരമായി ബാധിച്ചത്. നഗരത്തില്‍ ഇതുവരെ വെള്ളം കയറാത്ത പ്രദേശങ്ങളിലും ഇത്തവണ വെള്ളം കയറിയിട്ടുണ്ട്.