ദുബായ്: ഗ്രൂപ്പില്‍ പാകിസ്താനെയും ഹോങ്കോങ്ങിനെയും തോല്‍പ്പിച്ചെത്തിയ ഇന്ത്യക്ക് സൂപ്പര്‍ ഫോറില്‍ വമ്പന്‍ തിരിച്ചടി. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ പാകിസ്താന്‍ അഞ്ച് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിക്ക് സൂപ്പര്‍ ഫോറിലൂടെ കണക്കുവീട്ടാന്‍ ഇന്ത്യക്ക് സാധിച്ചു. സൂപ്പര്‍ ഫോറിലെ തോല്‍വി ഇന്ത്യക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. പാകിസ്താന്‍ ഫൈനലിലേക്കടുത്തപ്പോള്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ ചോദ്യം ഉയര്‍ത്തുന്നു.
നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് ഫൈനല്‍ കളിക്കാന്‍ ഇനി എങ്ങനെ സാധിക്കും?. എന്താണ് അതിന് ചെയ്യേണ്ടത്. ഇന്ത്യക്ക് പ്രധാനപ്പെട്ടത് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കുകയെന്നതാണ്. ആറാം തീയ്യതി ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് അടുത്ത മത്സരം. ഇതില്‍ ഇന്ത്യക്ക് ശ്രീലങ്കയെ തോല്‍പ്പിക്കേണ്ടതായുണ്ട്. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.
നിലവില്‍ ശ്രീലങ്കയ്ക്ക് സൂപ്പര്‍ ഫോറില്‍ 2 പോയിന്റുണ്ട്. എട്ടാം തീയ്യതി ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം നടക്കും. ഇതിലും ഇന്ത്യ ജയിക്കേണ്ടതായുണ്ട്. നിലവിലെ ടീം കരുത്ത് പരിശോധിക്കുമ്പോള്‍ ശ്രീലങ്കയെക്കാളും അഫ്ഗാനിസ്ഥാനെക്കാളും കരുത്തര്‍ ഇന്ത്യയാണ്. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ ഒരു ബാറ്റിങ് പ്രകടനംകൊണ്ടോ ബൗളിങ് പ്രകടനം കൊണ്ടോ മത്സരഫലം മാറിമറിയും. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. അഫ്ഗാനിസ്ഥാന്‍ ഞെട്ടിക്കാന്‍ കെല്‍പ്പുള്ളവരാണ്. തങ്ങളുടേതായ ദിവസം ഇന്ത്യയെ അവര്‍ അട്ടിമറിച്ചാലും അത്ഭുതപ്പെടാനാവില്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് മുന്നില്‍ വലിയ സമ്മര്‍ദ്ദമുണ്ടെന്ന് പറയാതെ വയ്യ. മറ്റൊരു മത്സരവും ഇന്ത്യയുടെ ഫൈനല്‍ സാധ്യതയെ സ്വാധീനിക്കും. അത് പാകിസ്താന്‍-അഫ്ഗാനിസ്ഥാന്‍ പോരാട്ടമാണ്. ഏഴാം തീയ്യതിയാണ് ഈ മത്സരം. പാകിസ്താനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിച്ചാല്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യത മങ്ങുമെന്ന് തന്നെ പറയാം.