ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ വി കെ ശശികലയടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വി കെ ശശികല, മുന്‍ ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍, അന്നത്തെ ചീഫ് സെക്രട്ടറി രാമ മോഹന റാവു എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.
ജയലളിതയുടെ മരണം അന്വേഷിച്ച ജസ്റ്റിസ് എ അറുമുഖസ്വാമി കമ്മിഷന്റെ ശുപാര്‍ശയില്‍ നിയമോപദേശം തേടാന്‍ തമിഴ്‌നാട് മന്ത്രിസഭ തിങ്കളാഴ്ച തീരുമാനിച്ചു. ജയലളിതയുടെ ആശുപത്രിവാസത്തിലേക്കും തുടര്‍ന്നുള്ള മരണത്തിലേക്കും നയിച്ച സാഹചര്യങ്ങള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ അറുമുഖസ്വാമി കമ്മീഷന്‍ ശശികല, വിജയഭാസ്‌കര്‍, രാമ മോഹന റാവു, ജയലളിതയുടെ പേഴ്സണല്‍ ഫിസിഷ്യന്‍ ഡോ. ശിവകുമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.