ദില്ലി: യുക്രൈന് 289 കോടി രൂപയുടെ സൈനിക സഹായവുമായി യുഎസ്.ഡ്രോണുകൾ മറ്റ് പ്രതിരോധന ആയുധങ്ങൾ, യുദ്ധോപകരണങ്ങൾ എന്നിവ വാങ്ങുന്നതിനായുള്ള കരാറുകൾക്ക് ധനസഹായം ഉപയോഗപ്പെടുത്താൻ യുക്രൈന് സാധിക്കുമെന്ന് യുഎസ് വ്യക്തമാക്കി. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രധാനമായും യുക്രൈന്റെ പ്രതിരോധമേഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഫണ്ട് അനുവദിച്ചതെന്ന് യുഎസ് അധികൃതർ പറഞ്ഞു.
റഷ്യൻ അധിനിവേശത്തിനെതിരായ പ്രതിരോധം തുടരുന്നതിനിടെ കഴിഞ്ഞ ദിസം യുക്രൈൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസിന്റെ പ്രഖ്യാപനം വന്നത്. അതേസമയം യുഎസിനെ കൂടാതെ ബ്രിട്ടനും യുക്രൈന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 5.4 ലക്ഷം പൗണ്ട് സഹായമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുക്കാൻ യുഎസിൽ എത്തിയപ്പോഴായിരുന്നു ബോറിസിന്റെ പ്രഖ്യാപനം. യുദ്ധത്തിന്റെ അന്തിമ വിജയം യുക്രൈനായിരിക്കുമെന്ന് ബോറിസ് പറഞ്ഞു. എല്ലാവിധ സൈനിക സാമ്പത്തിക പിന്തുണയും ബ്രിട്ടൻ യുക്രൈന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.