കർണാടകയിലെ കോടിലിംഗേശ്വര ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാൽ ഇതാകേട്ടോളൂ..ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്ന ക്ഷേത്രം എന്നതു മാത്രമല്ല, വേറെയും ചില പ്രത്യേകതകൾ ഈ ക്ഷേത്രത്തിനുണ്ട്. കോലാർ ജില്ലയിൽ കമ്മസാദ്ര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം വിശ്വാസികൾക്ക് ഏറെ പ്രാധാന്യമുള്ള ക്ഷേത്രം കൂടിയാണ്. കർണ്ണാടകയിലെ ശൈവ വിശ്വാസികളുടെ ഏറ്റവും പ്രിയപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് കോടിലിംഗേശ്വര ക്ഷേത്രം.
പേരുപോലെ തന്നെ ക്ഷേത്രത്തിലെത്തുന്നവരെ അത്ഭുതപ്പെടുത്തുന്നതാണ് ഇവിടത്തെ ശിവലിംഗങ്ങൾ. ചെറുതും വലുതുമായി ഒരു കോടിയോളം ശിവലിംഗങ്ങളുണ്ട്. കോടി ശിവലിംഗങ്ങളുള്ള ശിവന്റെ ഇടമായതിനാലാണ് ഇവിടം കോടിലിംഗേശ്വര ക്ഷേത്രം എന്നറിയപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്ന് ഇവിടെയാണുള്ളത്. 33 മീറ്ററിലധികം ഉയരമുള്ള ഈ ശിവലിംഗം ലോകത്തിലെ എല്ലാ ശിവലിംഗങ്ങളെയും കടത്തിവെട്ടുമെന്നാണ് വിശ്വാസികൾ പറയുന്നത്.