ന്യൂഡൽഹി: ഗുലാം നബി ആസാദിന് പിന്നാലെ പാർട്ടിപദവി രാജിവെച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ. ഹിമാചൽ പ്രദേശ് കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ജി 23 നേതാക്കളിൽ പ്രമുഖരാണ് ആസാദും ശർമയും.
ഇക്കൊല്ലം അവസാനം നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഏപ്രിൽ 26-നാണ് സ്റ്റിയറിങ് കമ്മിറ്റിക്ക് കോൺഗ്രസ് രൂപം നൽകിയത്. രാജിവെക്കുന്നതായി അറിയിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ശർമ കത്തയച്ചു.
ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ, ചില നിർണായക യോഗങ്ങളെ കുറിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്ന് ശർമ കത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആത്മാഭിമാനത്തെ മറികടന്നുള്ള ഒത്തുതീർപ്പിന് തയയ്യാറല്ലെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം, തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും ശർമ പറഞ്ഞു.