ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള താത്പര്യം പരസ്യമായി തുറന്നുപറഞ്ഞ് പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യുദ്ധമല്ല മറിച്ച് ചർച്ചകളാണ് മാർഗമെന്ന് അദ്ദേഹം പറഞ്ഞു.
മേഖലയിലെ സമാധാനം കശ്മീർ വിഷയവുമായി ബന്ധപ്പെട്ടതാണെന്നും ഷരീഫ് കൂട്ടിച്ചേർത്തു. ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാക് പ്രധാനമന്ത്രി.
മേഖലയിൽ സമാധാന അന്തരീക്ഷം സ്ഥാപിക്കുകയെന്നതാണ് പാകിസ്താൻ ആഗ്രഹിക്കുന്നത്. യുദ്ധമല്ല ചർച്ചയാണ് രണ്ട് രാജ്യങ്ങളുടേയും പ്രശ്നപരിഹാരത്തിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
പരമ്പരാഗതമായി പാകിസ്താൻ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും അദ്ദേഹം വിദ്യാർഥികളുമായി സംസാരിച്ചു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഘടനാപരമായ പ്രശ്നങ്ങളും ഒപ്പം ദശകങ്ങളായി രാഷ്ട്രീയ അസ്തിരതകളുമാണെന്നും ഷരീഫ് പറഞ്ഞു.