പട്ന: ബിഹാറിൽ മന്ത്രി തേജ്പ്രതാപ് യാദവ് വിളിച്ചുചേർത്ത ഔദ്യോഗിക യോഗത്തിൽ ആർ.ജെ.ഡി. അധ്യക്ഷൻ ലാലുപ്രസാദ് യാദവിന്റെ മരുമകൻ പങ്കെടുത്തത് വിവാദത്തിൽ. തേജ് പ്രതാപിന്റെ വകുപ്പുതല യോഗത്തിൽ ലാലുവിന്റെ മരുമകൻ ശൈലേഷ് കുമാർ പങ്കെടുത്തതാണ് വിവാദത്തിലായത്. യോഗത്തിൽ ശൈലേഷ് കുമാർ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമർശനം ഉയർത്തി ബി.ജെ.പി. രംഗത്തെത്തി.
ഈമാസം 17-ന് സംഘടിപ്പിച്ച വകുപ്പിന്റെ അവലോകന യോഗത്തിൽ തേജ് പ്രതാപിനൊപ്പം ശൈലേഷ് കുമാർ പങ്കെടുത്തിരുന്നു. 18ന്, തേജ് പ്രതാപ് ബിഹാർ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുമ്പോഴും ഭാര്യാസഹോദരൻ ഒപ്പമുണ്ടായിരുന്നു. രണ്ട് യോഗങ്ങളുടെയും ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് വിമർശനം ഉയർത്തി ബിജെപി രംഗത്തെത്തിയത്.
ശൈലേഷ് കുമാർ എന്തടിസ്ഥാനത്തിലാണ് യോഗങ്ങളിൽ പങ്കെടുത്തതെന്നാണ് ബി.ജെ.പി. ചോദിക്കുന്നത്. തേജ്പ്രതാപ് മന്ത്രിയുടെ ചുമതലകൾ ഭാര്യാസഹോദരന് ഔട്ട് സോഴ്സ് ചെയ്തുവെന്ന് ബി.ജെ.പി. നേതാവും മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി പരിഹസിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി ബിഹാറിലെ ജനങ്ങളോട് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.