‘ജയ് ഭീം’ (Jai Bhim ) എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആരാണ്?

0
117

മഹാരാഷ്ട്രയിൽ വർഷങ്ങളായി അംബേദ്കറൈറ്റ് പ്രസ്ഥാനങ്ങളുടെ മുന്നണി പ്രവർത്തകർ കണ്ടുമുട്ടുമ്പോൾ പരസ്പരം അഭിവാദനം ചെയ്യുന്ന വാക്കാണ് ‘ജയ് ഭീം’ .
പതിറ്റാണ്ടുകൾ മുമ്പുതന്നെ ഇന്ത്യൻ രാഷ്ട്രീയഭൂമികയിൽ അലയടിച്ചിട്ടുള്ള മുദ്രാവാക്യമാണ് ‘ജയ് ഭീം’ എന്നത്.ഈ വാക്കിനെ ആധാരമാക്കി മഹാരാഷ്ട്രയിൽ അനേകായിരം വിപ്ലവ ഗീതികളും രചിക്കപ്പെട്ടിട്ടുണ്ട്. ഒരു അഭിവാദനം എന്ന നിലയിൽ നിന്ന് കഴിഞ്ഞ കുറെ വർഷങ്ങളായി അംബേദ്കറൈറ്റ് പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യമായിപ്പോലും ഈ വാക്ക് മാറിയിട്ടുണ്ട്.

‘ജയ് ഭീം’ എന്ന പ്രയോഗം ആദ്യമായി നടത്തുന്നത്, 1935 -ൽ മഹാരാഷ്ട്രയിലെ അംബേദ്‌കർ പ്രസ്ഥാനത്തിന്റെ നേതാക്കളിൽ ഒരാളായിരുന്ന ബാബു ഹർദാസ് എൽഎൻ (ലക്ഷ്മൺ നാഗ്രാളെ) ആണ്. സെൻട്രൽ പ്രൊവിൻസിലെ ബരാർ പരിഷദിലെ സാമാജികനായിരുന്ന ബാബു ഹർദാസ് അംബേദ്കറുടെ ആശയങ്ങൾ പ്രചരിപ്പിക്കുക ജീവിതവ്രതമായി കണ്ടിരുന്ന ഒരാൾ കൂടിയായിരുന്നു. നാസിക്കിൽ നടന്ന കാലാരാം ക്ഷേത്രത്തിലെ പ്രതിഷേധത്തിന്റെയും , മഹഡ് സത്യാഗ്രഹത്തിന്റെയും പേരിൽ അന്ന് മഹാരാഷ്ട്രയിലെ ദളിത് ഭവനങ്ങളിൽ അംബേദ്‌കറിന്റെ പേര് കുഞ്ഞുങ്ങൾക്ക് പോലും അറിവുള്ളതായിരുന്നു. അക്കാലത്ത്, ബാബാസാഹേബ് കൈപിടിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവന്ന ദളിത് നേതാക്കളിൽ ഒരാളായിരുന്നു ബാബു ഹർദാസും.

രാമചന്ദ്ര ക്ഷീരസാഗര എഴുതിയ ദളിത് മൂവ്മെന്റ് ഇൻ ഇന്ത്യ ആൻഡ് ഇറ്റ്സ് ലീഡേഴ്‌സ് (Dalit Movement in India and Its Leaders (1857-1956) Ramacandra Kshirasagara) എന്ന പുസ്തകത്തിലാണ് ‘ജയ് ഭീം’ എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് ഈ ബാബു ഹർദാസ് ആണ് എന്ന പരാമർശമുള്ളത്. അന്ന് പ്രചാരത്തിലുണ്ടായിരുന്ന ‘രാം രാം’, ‘നമസ്കാരം’ തുടങ്ങിയ അഭിവാദങ്ങൾക്ക് പകരം ദളിത് ജനതയുടെ അഭിമാന സൂചകമായി ‘ജയ് ഭീം’ എന്നുതന്നെ അഭിവാദനം ചെയ്യണം എന്നു തന്റെ സംഘടനയുടെ പ്രവർത്തകരോട് ആവശ്യപ്പെടുന്നത്.
അങ്ങനെ അംബേദ്‌കർ ജീവിച്ചിരുന്നപ്പോൾ തന്നെ പ്രചാരത്തിലുണ്ടായിരുന്ന അഭിവാദനമാണ് ‘ജയ് ഭീം’ .

LEAVE A REPLY

Please enter your comment!
Please enter your name here