ക്യാപ്റ്റനായുള്ള തൻ്റെ അരങ്ങേറ്റ മത്സരത്തിൽ ചരിത്ര റെക്കോർഡ് കുറിച്ച് ജസ്പ്രീത് ബുംറ. പന്ത് കൊണ്ടല്ല ഇക്കുറി ബാറ്റ് കൊണ്ടാണ് ലോക റെക്കോർഡ് ബുംറ സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 416 റൺസിന് പുറത്തായപ്പോൾ 16 പന്തിൽ പുറത്താകാതെ 31 റൺസ് ബുംറ നേടിയിരുന്നു.
സ്റ്റുവർട്ട് ബ്രോഡ് എറിഞ്ഞ 84 ആം ഓവറിൽ 35 റൺസാണ് ഇന്ത്യ നേടിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ഓവറാണിത്. ഓവറിലെ ആദ്യ പന്തിൽ ബുംറ ബൗണ്ടറി നേടിയപ്പോൾ രണ്ടാം പന്ത് വൈഡായി ബൗണ്ടറിയിലേക്ക് പായുകയും ഇന്ത്യയ്ക്ക് 5 റൺസ് ലഭിക്കുകയും ചെയ്തു. പിന്നാലെ അടുത്ത പന്തിൽ ബുംറ സിക്സ് പായിക്കുകയും അമ്പയർ നോ ബോൾ വിധിച്ചതോടെ 7 റൺസ് ഇന്ത്യയ്ക്ക് ലഭിച്ചു. അതിനുശേഷം ബ്രോഡ് എറിഞ്ഞ മൂന്ന് ലീഗൽ ഡെലിവറിയിൽ ഫോർ നേടിയ ബുംറ അഞ്ചാം പന്തിൽ സിക്സ് നേടുകയും അവസാന പന്തിൽ സിംഗിൾ ഓടുകയും ചെയ്തു.