ഗായിക അമൃത സുരേഷും സംഗീതസംവിധായകൻ ഗോപി സുന്ദറും സംയുക്തമായി ഒരുക്കിയ സംഗീത വിഡിയോ പ്രേക്ഷകർക്കരികിൽ. ‘തൊന്തരവ’ എന്ന പേരിലാണ് ഗാനം പുറത്തിറക്കിയത്. ഗോപി സുന്ദറും അമൃതയും ആദ്യമായി ഒരുമിക്കുന്ന സംഗീത ആൽബമാണിത്. ഇരുവരും ചേർന്ന് ആലപിച്ച ‘തൊന്തരവ’ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ബി.കെ.ഹരിനാരായണനാണ് പാട്ടിനു വരികൾ കുറിച്ചത്.
ഗോപി സുന്ദറിന്റെയും അമൃതയുടെയും അതിമനോഹര പ്രണയരംഗങ്ങളാണ് ഗാനരംഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. യാത്രയുടെ നിറമുള്ള കാഴ്ചകളും പാട്ടിൽ നിറയുന്നു. ഇരുവരുടേയും അഭിനയ മികവും ആലാപനവും ചുരുങ്ങിയ സമയത്തിനകം പ്രേക്ഷകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. പാട്ടിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ മുതൽ മുഴുവൻ പതിപ്പിനു വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകർ.
അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.