CWG 2022: ഫൈനലില്‍ ഓസ്‌ട്രേലിയയോട് പൊരുതി വീണു, ഇന്ത്യക്ക് വെള്ളി മെഡല്‍

0
58

കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ സ്വര്‍ണ്ണ നേട്ടം ഓസ്‌ട്രേലിയക്ക്. ഫൈനലില്‍ ഇന്ത്യയെ 9 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ സുവര്‍ണ്ണ നേട്ടത്തിലേക്കെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തപ്പോള്‍ 19.3 ഓവറില്‍ 152 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി. ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയരാത്തതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈ തീരുമാനം തെറ്റായെന്ന് തോന്നിപ്പിക്കുന്ന തുടക്കമായിരുന്നു ഇന്ത്യ നല്‍കിയത്. സ്‌കോര്‍ബോര്‍ഡില്‍ 9 റണ്‍സ് മാത്രം ഉള്ളപ്പോള്‍ ആലിസ ഹീലിയെ (7) ഓസ്ട്രേലിയക്ക് നഷ്ടമായി. രേണുക സിങ്ങിനാണ് വിക്കറ്റ്. ബെത്ത് മൂണിയും മെഗ് ലാനിങ്ങും ചേര്‍ന്ന് 74 റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ സൃഷ്ടിച്ചത്. 26 പന്തില്‍ അഞ്ച് ഫോറും 1 സിക്സുമടക്കം 36 റണ്‍സെടുത്ത ലാനിങ് റണ്ണൗട്ടായാണ് മടങ്ങിയത്. തഹ്ലിയ മഗ്രാത്തിനെ (2) ദീപ്തി ശര്‍മ പെട്ടെന്ന് മടക്കി.

ആഷ്ളി ഗാര്‍ഡ്നര്‍ (25) അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. 15 പന്തില്‍ 2 ഫോറും 1 സിക്സും പറത്തിയ താരത്തെ സ്നേഹ് റാണ പുറത്താക്കിയത് ഇന്ത്യക്ക് കരുത്തായി. ഗ്രേസ് ഹാരിസിനെ (2) നിലയുറപ്പിക്കും മുമ്പെ രേണുക സിങ്ങും പുറത്താക്കി. ഒരുവശത്ത് ബെത്ത് മൂണി ഫിഫ്റ്റിയോടെ തകര്‍ത്തടിച്ചു. 41 പന്തില്‍ 8 ബൗണ്ടറി ഉള്‍പ്പെടെ 61 റണ്‍സാണ് താരം നേടിയത്. സ്നേഹ് റാണയാണ് മൂണിയെ മടക്കിയത്. റേച്ചല്‍ ഹെയ്നിസും (18) മേഗന്‍ സ്‌കട്ടും (1) പുറത്താവാതെ നിന്നു. ഇന്ത്യക്കായി രേണുക സിങ്, സ്നേഹ് റാണ രണ്ട് വിക്കറ്റ് വീതവും ദീപ്തി ശര്‍മ, രാധാ യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടിക്കിറങ്ങിയ ഇന്ത്യക്കായി ഹര്‍മന്‍പ്രീത് കൗറിന് (65) മാത്രമാണ് തിളങ്ങാനായത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ 43 പന്തില്‍ 7 ഫോറും 2 സിക്‌സുമുള്‍പ്പെടെ നേടി പൊരുതിയെങ്കിലും പിന്തുണ ലഭിച്ചില്ല. ജെമീമ റോഡ്രിഗസും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഇന്ത്യയുടെ ആറ് താരങ്ങള്‍ക്ക് രണ്ടക്കം കാണാനായില്ല. എങ്കിലും അഭിമാന വെള്ളി മെഡല്‍ നേടാന്‍ ഇന്ത്യക്ക് സാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here