ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ബീഹാര്‍ മുഖ്യമന്ത്രി എന്‍ഡിഎ വിട്ടേക്കുമെന്ന് സൂചന.

0
70

ദില്ലി: ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ബീഹാര്‍ മുഖ്യമന്ത്രി എന്‍ഡിഎ വിട്ടേക്കുമെന്ന് സൂചന. ജെഡിയുവില്‍ ഈ ആവശ്യത്തിന് വലിയ പിന്തുണയുണ്ട്. പ്രതിപക്ഷ നിരയുമായി നിതീഷ് കൂടിക്കാഴ്ച്ച നടത്തിയെന്നാണ് സൂചന. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നീതി ആയോഗ് യോഗത്തിലും നിതീഷ് പങ്കെടുത്തിരുന്നില്ല.

കൃത്യമായ അകല്‍ച്ച ബിജെപിയുടെ കേന്ദ്ര നേതൃത്വത്തോടും സംസ്ഥാന നേതൃത്വത്തോടും നിതീഷ് കാണിച്ച് തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിനായി ബിജെപി വലിയ സമ്മര്‍ദമാണ് ബീഹാറില്‍ നടത്തുന്നത്. പാര്‍ട്ടിയെ പലയിടത്തും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തോല്‍പ്പിക്കാന്‍ കൂട്ടുനിന്നത് ബിജെപിയാണെന്നും നിതീഷ് അറിയാം.

ഇന്ന് ജെഡിയുവിന്റെ എംഎല്‍എമാരുടെ യോഗം പട്‌നയില്‍ നടക്കുന്നുണ്ട്. നാളെ എംപിമാരുടെയും യോഗവും നാളെ ചേരും. അതേസമയം ആര്‍ജെഡിയും കോണ്‍ഗ്രസും എംഎല്‍എമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. ആര്‍ജെഡി-കോണ്‍ഗ്രസ്-ഇടത് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ് നിതീഷിന് സര്‍ക്കാരുണ്ടാക്കാം. നിതീഷ് വിട്ടാല്‍ സഖ്യം വീഴും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സോണിയാ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി നിതീഷ് കുമാര്‍ സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ട് കേന്ദ്ര മന്ത്രി സ്ഥാനം, നിയമസഭാ സ്പീക്കറെ മാറ്റണം തുടങ്ങിയ ആവശ്യങ്ങളുമായി കഴിഞ്ഞ കുറെ നാളുകളായി നിതീഷ് ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്.

നിതീഷിന് എന്‍ഡിഎ വിടാന്‍ ധാരാളം പ്രശ്‌നങ്ങളുണ്ടെന്നാണ് ജെഡിയു നല്‍കുന്ന സൂചന. ബീഹാര്‍ നിയമസഭാ സ്പീക്കര്‍ വിജയ് കുമാര്‍ സിന്‍ഹയെ മാറ്റണമെന്ന വാശിയിലാണ് നിതീഷ്. ഒന്നിലധികം തവണ സിന്‍ഹയോട് നിതീഷിന് പൊട്ടിത്തെറിക്കേണ്ടി വന്നു. സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ച് ഭരണഘടനാ ലംഘനമാണ് സ്പീക്കര്‍ കുമാര്‍ നടത്തുന്നതെന്നാണ് നിതീഷ് ആരോപിക്കുന്നത്. മറ്റൊന്ന് കേന്ദ്ര മന്ത്രിസ്ഥാനമാണ്. ഒരു മന്ത്രി മാത്രമാണ് ജെഡിയുവിന് ഉള്ളത്. അതേസമയം നിതീഷ് ഇതിന് പകരമായി ബീഹാര്‍ മന്ത്രിസഭ പുനസംഘടിപ്പിച്ച് ഒരു മന്ത്രി സ്ഥാനം മാത്രം ബിജെപിക്ക് നല്‍കുകയും ചെയ്തിരുന്നു.

ബിജെപിയുമായുള്ള ബന്ധം വഴിമുട്ടി നില്‍ക്കുകയാണെന്ന് ജെഡിയു വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ മുതിര്‍ന്ന നേതാവ് കെസി ത്യാഗി അങ്ങനൊന്നുമില്ലെന്നാണ് അവകാശപ്പെടുന്നത്. ഇന്ന് നിതീഷ് വിളിച്ച യോഗം നിര്‍ണായകമാണെന്ന് പല നേതാക്കളും പറയുന്നു. നേരത്തെ ആര്‍സിപി സിംഗ് ജെഡിയുവില്‍ നിന്ന് രാജിവെച്ചിരുന്നു. ഇതും ജെഡിയുവിനെ ചൊടിപ്പിച്ചിട്ടുണ്ട്. ബിജെപി ചിരാഗ് മോഡലുണ്ടാക്കി ജെഡിയുവിനെ തകര്‍ക്കാന്‍ നോക്കുകയാണെന്ന് ലലന്‍ സിംഗ് പറഞ്ഞു. നേരത്തെ ചിരാഗിനെ രംഗത്തിറക്കി ജെഡിയുവിന്റെ സീറ്റ് നില 43 ആക്കി കുറച്ചത് ബിജെപിയുടെ തന്ത്രമായിരുന്നു. ഇതോടെ എന്‍ഡിഎയില്‍ അവര്‍ ജൂനിയര്‍ പാര്‍ട്ണറാവുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here