‘ബാപ്പയ്ക്കും വരനെുമൊപ്പം എന്റെ നിക്കാഹില്‍ പങ്കെടുത്തതാണ് ജീവിതത്തിലെ വലിയ സൗഭാഗ്യം. നിര്‍ണായക മുഹൂര്‍ത്തത്തില്‍ എന്റെ സാന്നിധ്യം വിലക്കുന്നതില്‍ എന്ത് ന്യായമാണുള്ളത്’– നിക്കാഹിന് മണവാട്ടിയെ പങ്കെടുക്കാന്‍ അനുവദിച്ച സെക്രട്ടറി ഖേദംപ്രകടിപ്പിക്കണമെന്ന് ഉത്തരവിറക്കിയ മഹല്ല് കമ്മിറ്റിയോടാണ് മണവാട്ടി ബഹിജ ദലീലയുടെ ചോദ്യം.
”നിക്കാഹില്‍ വധുവിന്റെ സാന്നിധ്യം മതഗ്രന്ഥം വിലക്കിയിട്ടില്ല. ഗള്‍ഫ് നാട്ടില്‍ ഇത് പണ്ടുതൊട്ടേയുണ്ട്. പുരോഗമനാശയം പുലര്‍ത്തുന്നു എന്നവകാശപ്പെടുന്ന പള്ളി കമ്മിറ്റിയുടെ നിലപാട് ആശ്ചര്യപ്പെടുത്തി. ലോകം മാറുന്നത് തിരിച്ചറിയണം. പരിഷ്‌കൃത ലോകത്തിന്റെ സൗകര്യത്തില്‍ ജീവിച്ച് പഴകിപ്പുളിച്ചതിനെ പുല്‍കുകയുമാണ് പലരും. അതില്‍ കുടുംബത്തിന് ഉത്തരവാദിത്വമില്ല”– പെണ്‍കുട്ടിയുടെ സഹോദരന്‍ ഫാസില്‍ ഷാജഹാന്‍ പറഞ്ഞു.
സിവില്‍ എന്‍ജിനിയറായ വടക്കുമ്പാട്ടെ ഫഹദ് കാസിമുമായിട്ടായിരുന്നു എംഎസ്ഡബ്ല്യു ബിരുദധാരിയായ ബഹിജയുടെ വിവാഹം. വിവാഹത്തിന് സ്വര്‍ണം വേണ്ടെന്നും സ്വന്തം നിക്കാഹില്‍ തനിക്ക് പങ്കെടുക്കണമെന്നും പെണ്‍കുട്ടി വീട്ടുകാരോട് ആഗ്രഹം അറിയിച്ചിരുന്നു. തുടര്‍ന്ന് സെക്രട്ടറി മതപണ്ഡിതനുമായി കൂടിയാലോചിച്ചാണ് അനുമതിനല്‍കിയത്.