സപ്‌ളൈക്കോ വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ ഇത്തവണയും കുടുംബശ്രീയുടെ മധുരം.

0
59

തിരുവനന്തപുരം: സപ്‌ളൈക്കോ വിതരണം ചെയ്യുന്ന ഓണക്കിറ്റിൽ ഇത്തവണയും കുടുംബശ്രീയുടെ മധുരം. കിറ്റിൽ ഉൾപ്പെടുത്താനുള്ള ശർക്കരവരട്ടിയും ചിപ്‌സും നൽകുന്നത് കുടുംബശ്രീയാണ്. ഇതിനായി സപ്‌ളൈക്കോയിൽ നിന്നും 12.89 കോടി രൂപയുടെ ഓർഡർ കുടുംബശ്രീയ്ക്ക് ലഭിച്ചു.

കരാർ പ്രകാരം നേന്ത്രക്കായ ചിപ്‌സും ശർക്കരവരട്ടിയും ഉൾപ്പെടെ ആകെ 42,63,341 പായ്ക്കറ്റുകളാണ് കുടുംബശ്രീ നൽകുക. 100 ഗ്രാം വീതമുള്ള പായ്ക്കറ്റ് ഒന്നിന് ജി.എസ്.ടി ഉൾപ്പെടെ 30.24 രൂപ നിരക്കിൽ സംരംഭകർക്ക് ലഭിക്കും. സംസ്ഥാനത്തെ മുന്നൂറിലേറെ കുടുംബശ്രീ യൂണിറ്റുകൾ വഴിയാണ് ഉൽപന്ന നിർമാണവും വിതരണവും. ഈ മാസം ഇരുപതിനകം കരാർ പ്രകാരമുള്ള അളവിൽ ഉൽപന്ന വിതരണം പൂർത്തിയാക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

കുടുംബശ്രീ യൂണിറ്റുകൾ തയാറാക്കുന്ന ഉൽപന്നങ്ങൾ സപ്‌ളൈക്കോയുടെ കീഴിലുള്ള 56 ഡിപ്പോകളിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്. ഉൽപന്ന നിർമാണവും വിതരണവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനും നിർവഹിക്കുന്നതിനും ജില്ലാ മിഷനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സപ്‌ളൈക്കോ ആവശ്യപ്പെട്ട അളവിൽ ഉൽപന്നങ്ങൾ തയ്യാറാക്കുന്നതിന് നേന്ത്രക്കായ സംഭരണവും ഊർജിതമാക്കി. സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലേറെ കുടുംബശ്രീ വനിതാ കർഷക സംഘങ്ങളിൽ നിന്നും പൊതുവിപണിയിൽ നിന്നുമാണ് ഇതു സംഭരിക്കുന്നത്. ഉൽപന്നങ്ങൾ ഡിപ്പോയിൽ എത്തിക്കുന്ന മുറയ്ക്ക് സപ്‌ളൈക്കോ നേരിട്ട് സംരംഭകരുടെ അക്കൗണ്ടിലേക്ക് പണം നൽകും.

കഴിഞ്ഞ വർഷവും സപ്‌ളൈക്കോയുടെ ഓണക്കിറ്റിൽ ഉൾപ്പെടുത്തുന്നതിനായി കുടുബശ്രീ ഉൽപന്നങ്ങൾ വിതരണം ചെയ്തിരുന്നു. ചിപ്‌സും ശർക്കരവരട്ടിയും ഉൾപ്പെടെ 41.17 ലക്ഷം പായ്ക്കറ്റ് നൽകുന്നതിനുള്ള ഓർഡറാണ് അന്നു ലഭിച്ചത്. 273 യൂണിറ്റുകൾ പങ്കെടുത്ത വിതരണ പരിപാടിയിലൂടെ 11.99കോടി രൂപയുടെ വിറ്റുവരവാണ് സംരംഭകർ നേടിയത്. ഈ വർഷത്തെ ഓണത്തിനോട് അനുബന്ധിച്ച് 14 ഇനങ്ങള്‍ അടങ്ങിയ ഓണകിറ്റാണ് സർക്കാർ സൗജന്യമായി നൽകുന്നത്. ഈ മാസം 10 ന് ശേഷമായിരിക്കും കിറ്റുകൾ വിതരണം ചെയ്യുക.കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, ശര്‍ക്കരവരട്ടി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയര്‍, ഉണക്കലരി തുടങ്ങി 14 ഇനം സാധനങ്ങളാണ് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here